ആദിത്യ ധർ – രൺവീർ സിങ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ധുരന്ധർ പ്രതികാരം’ ആഗോള ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും 11 ദിവസങ്ങൾക്കുള്ളിൽ ചിത്രം 1365 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ പിന്നിട്ടു. ആദ്യ ഭാഗമായ ‘ധുരന്ധർ’ നേടിയ ആകെ വരുമാനത്തെയാണ് രണ്ടാം ഭാഗം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 867 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം, അന്താരാഷ്ട്ര വിപണിയിലും സമാനതകളില്ലാത്ത ആധിപത്യമാണ് പുലർത്തുന്നത്.
രണ്ടാം വാരത്തിലും റെക്കോർഡ് കളക്ഷൻ തുടരുന്ന ചിത്രം ശനി, ഞായർ ദിവസങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം വാരാന്ത്യത്തിൽ മാത്രം 177 കോടി രൂപ ചിത്രം സ്വന്തമാക്കി. ഇതോടെ ഏറ്റവും വേഗത്തിൽ ആഗോളതലത്തിൽ 1000 കോടി രൂപ നേടുന്ന ഇന്ത്യൻ ചിത്രം എന്ന ഖ്യാതിയും ‘ധുരന്ധർ പ്രതികാരം’ സ്വന്തമാക്കി. വടക്കേ അമേരിക്കയടക്കമുള്ള വിദേശ വിപണികളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന റെക്കോർഡും ഇപ്പോൾ ഈ ബിഗ് ബജറ്റ് ചിത്രത്തിന് സ്വന്തമാണ്.
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് നേടിയത്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 1023 കോടിയും വിദേശത്തു നിന്നുള്ള വരുമാനം 342 കോടിയുമാണ്. മികച്ച പ്രേക്ഷക പ്രതികരണവും നിറഞ്ഞ സദസ്സുകളും തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും ചിത്രം കൂടുതൽ റെക്കോർഡുകൾ തകർക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ.
