രാത്രിയിൽ ഡിപ്പോയിൽ കാത്തുനിന്ന യാത്രക്കാരെ കയറ്റാതെ കടന്നുപോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉദ്യോഗസ്ഥർ ഇടപെട്ട് തിരികെ വിളിപ്പിച്ചു. പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഇക്കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്ത് സ്ത്രീകൾ അടക്കമുള്ള നിരവധി യാത്രക്കാർ ഡിപ്പോയിൽ കാത്തുനിന്നിട്ടും, ബസ് ഡിപ്പോയിൽ കയറാതെ എംസി റോഡ് വഴി വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. ബസ് തങ്ങളെ പരിഗണിക്കാതെ പോയതോടെ യാത്രക്കാർ ഡിപ്പോയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർത്തുകയും സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകുകയും ചെയ്തു.
യാത്രക്കാരുടെ പരാതിയെത്തുടർന്ന് സ്റ്റേഷൻ മാസ്റ്റർ ഉടനടി ബസ് ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വാഹനം കിലോമീറ്ററുകൾ അകലെയുള്ള മൂവാറ്റുപുഴ ഡിപ്പോയിൽ എത്തിക്കഴിഞ്ഞിരുന്നു. എന്നാൽ അധികൃതർ കർശന നിർദ്ദേശം നൽകിയതോടെ ജീവനക്കാർക്ക് ബസ് തിരികെ പെരുമ്പാവൂരിലേക്ക് തന്നെ എത്തിക്കേണ്ടി വന്നു. തുടർന്ന് ഇവിടെ കാത്തുനിന്ന യാത്രക്കാരെ കയറ്റിയാണ് ബസ് യാത്ര തുടർന്നത്. കൃത്യമായ സ്റ്റോപ്പും ബുക്കിംഗും ഉണ്ടായിട്ടും എന്തുകൊണ്ടാണ് ബസ് പെരുമ്പാവൂർ ഡിപ്പോയിൽ കയറാതെ പോയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
