Home » Blog » Kerala » രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചു; ഇരുവരും നിരസിച്ച് മടക്കി അയച്ചു
1

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുകയാണ്. സുരക്ഷാ സംവിധാനങ്ങളിലും അതിന്റെ പ്രതിഫലനമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് മുൻനിരയിൽ പരിഗണിക്കപ്പെടുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചെങ്കിലും, ഇരുവരും അത് നിരസിച്ച് തിരിച്ചയച്ചു.

ആരാണ് പുതിയ മുഖ്യമന്ത്രിയാകുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമില്ലാത്തതിനാലാണ് സുരക്ഷാ ക്രമീകരണങ്ങളിൽ പൊലീസ് ആശയക്കുഴപ്പത്തിലായത്. ഇരുവരും മുഖ്യമന്ത്രി സാധ്യതാപട്ടികയിൽ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായിട്ടാണ് എസ്കോർട്ടും പൈലറ്റും ഒരുക്കിയതെന്നാണ് വിവരം.

അതേസമയം, പുതിയ മന്ത്രിസഭ രൂപീകരണം പോലും പൂർത്തിയാകുന്നതിന് മുൻപേ, ഭാവി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ സംഘങ്ങളിൽ സ്വന്തം അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ കോൺഗ്രസ് നേതാക്കൾ സമ്മർദം ആരംഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

സി.പി.എം നേതാക്കളായ ഇ.പി. ജയരാജൻ, പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കു നിലവിൽ രണ്ട് ഗൺമാൻമാർ വീതമുണ്ട്. ഇതിൽ പി. ജയരാജനു മാത്രമാണ് വ്യക്തമായ സുരക്ഷാഭീഷണിയുള്ളതെന്നാണ് പൊലീസ് വൃത്തങ്ങൾ വിലയിരുത്തുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിവിധ സി.പി.എം നേതാക്കൾക്ക് അനുവദിച്ചിരുന്ന ഗൺമാൻ സുരക്ഷ പുനഃപരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സുരക്ഷാഭീഷണിയുടെ പേരിൽ അനുവദിച്ച ഗൺമാൻമാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.