ആലപ്പുഴ: യുഡിഎഫ് അധികാരത്തിലെത്തിയാൽ മാറാട് ആവർത്തിക്കുമെന്ന് വീണ്ടും വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് പറയേണ്ടത് കോൺഗ്രസാണ്, ലീഗല്ല. ലീഗിന്‍റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. വകുപ്പ് കൊടുക്കുന്നത് പോലും പാണക്കാട് തങ്ങൾ ആണ്. സതീശൻ ലീഗിന്‍റെ വക്താവാണ്. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി വിജയൻ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
”ഇവിടെ യുഡിഎഫ് ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്നാണ് അതിന്‍റെ അര്‍ഥം. ലീഗിന്‍റെ ഭരണം ഇവിടെ വന്ന് കഴിഞ്ഞാൽ ഇവിടെ അരാജകത്വമല്ലാതെ, വല്ലതും ഉണ്ടാകുമോ? ഇവിടെ മാറാട് എത്ര തവണയുണ്ടാകും? എന്തെല്ലാം കുഴപ്പം അവർ സൃഷ്ടിക്കും. ഒന്നുമില്ലാഞ്ഞിട്ട് എന്തെല്ലാം പറയുന്നു. എന്‍റെ കോലം വരെ കത്തിച്ചില്ലേ..ഞാനെന്ത് ചെയ്തിട്ടാണ്. അവരുടെ സര്‍വാധിപത്യത്തിന് നിന്നുകൊടുക്കാൻ ഘടകകക്ഷികൾ നിര്‍ബന്ധിതരാവുകയല്ലേ? അങ്ങനെയല്ലേ രാഷ്ട്രീയത്തിന്‍റെ പോക്ക്? ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചത് മലബാറിലാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ, ലോകത്ത് വല്ലയിടത്തും ഇങ്ങനെ നടന്നിട്ടുണ്ടോ?” – വെള്ളാപ്പള്ളി ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കാണാൻ പലരെയും അനുവദിക്കുന്നില്ല. ജയരാജൻ ഉണ്ടായിരുന്നപ്പോൾ എല്ലാം നന്നായി നടന്നു. ശശി വിവാദമുണ്ടാക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
