
തിരുവനന്തപുരം: യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ 25 കാരി വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കി. പൂവച്ചൽ മുളമൂട് ബിഎസ് ഭവനിൽ ബാബു – സിന്ധു ദമ്പതികളുടെ മകൾ അഞ്ജനയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മരിച്ച നിലയിൽ കാണുന്നത്. ഡോക്ടർ അസിസ്റ്റന്റ് കോഴ്സ് പഠനം പൂർത്തിയാക്കി നിൽക്കുകയായിരുന്നു അഞ്ജന.
മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് മാതാവ് വാതിൽ തട്ടി വിളിക്കുകയും തുറക്കാത്തതിനെ തുടർന്ന് ചവിട്ടിത്തുറന്ന് നോക്കുകയുമായിരുന്നു. ഉടൻതന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ജനയുടെ അനുജൻ യുകെയിലാണ് പഠിക്കുന്നത്. അഞ്ജനയ്ക്കും യുകെയിൽ പോയി പഠനം നടത്താൻ വലിയ ആഗ്രഹമുണ്ടായിരുന്നു.
വിസ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നത്. വിസ വരാത്തതിനെ തുടർന്ന് കുടുംബത്തിൽ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും വിവരമുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
