Home » Blog » kerala Max » യാത്രക്കായി വിളിച്ച് കുടുക്കി; കൊച്ചിയിൽ അനധികൃതമായി സർവീസ് നടത്തിയ ബൈക്ക് ടാക്സികൾ പിടിയിൽ
Untitled-1-Recovered-Recovered-Recovered-Recovered-6-680x450

കൊച്ചി: കാക്കനാട് മേഖലയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി അനധികൃതമായി സർവീസ് നടത്തിയ ഇരുചക്ര വാഹനങ്ങൾ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി. പെർമിറ്റില്ലാതെ ഓൺലൈൻ ബുക്കിംഗ് ആപ്പുകൾ വഴി ബൈക്ക് ടാക്സി സർവീസ് നടത്തുന്നതായി ലഭിച്ച പരാതികളെ തുടർന്നായിരുന്നു ഈ കർശന പരിശോധന. തുടർന്നുള്ള പരിശോധനയിൽ അനധികൃതമായി സർവീസ് നടത്തിയ 36 ഇരുചക്രവാഹനങ്ങൾ പിടികൂടുകയും ഇവർക്കെതിരെ ആകെ 1.18 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

കളക്ടറേറ്റ് വളപ്പ്, ഇൻഫോപാർക്ക് പരിസരം, കൊച്ചി, കളമശ്ശേരി എന്നീ പ്രധാന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഊബർ, റാപിഡോ തുടങ്ങിയ സ്വകാര്യ ആപ്പുകൾ വഴി യാത്രക്കാരെന്ന വ്യാജേന വാഹനങ്ങൾ ബുക്ക് ചെയ്താണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വിളിച്ചുവരുത്തിയതിൽ ഭൂരിഭാഗവും സ്വകാര്യ ബൈക്കുകളും സ്കൂട്ടറുകളുമായിരുന്നു. പരിശോധനയ്ക്ക് ശേഷമാണ് തങ്ങളെ വിളിച്ചുവരുത്തിയത് ഉദ്യോഗസ്ഥരാണെന്ന് ഡ്രൈവർമാർ തിരിച്ചറിഞ്ഞത്. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ മേൽനോട്ടത്തിലായിരുന്നു ഈ പരിശോധനകൾ നടന്നത്.

ഇൻഷുറൻസും നികുതിയും അടയ്ക്കാത്തതും കാലാവധി കഴിഞ്ഞതുമായ നിരവധി ഇരുചക്ര വാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കുന്നതായി പരിശോധനയിൽ വ്യക്തമായി. ഐടി മേഖലയിലെ നിരവധി ജീവനക്കാർ ബൈക്ക് ടാക്സികളെ ആശ്രയിക്കുന്നതിനാൽ, പെർമിറ്റില്ലാത്ത വാഹനങ്ങളിലെ യാത്ര അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ ഇത് ഇടയാക്കുമെന്നും ചൂണ്ടിക്കാണിച്ചു.

ഇരുചക്ര വാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കണമെങ്കിൽ രജിസ്ട്രേഷനിൽ നിയമപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ടാക്സി പെർമിറ്റ് എടുത്ത് അതിനനുസരിച്ചുള്ള നികുതി അടയ്ക്കണം. ഒപ്പം പിന്നിൽ യാത്ര ചെയ്യുന്ന ആളെയും കൂടി ഉൾപ്പെടുത്തി ഇൻഷുറൻസ് പുതുക്കുകയും നമ്പർ പ്ലേറ്റിന്റെ നിറം നിയമപ്രകാരം മാറ്റുകയും വേണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.