ബിഹാർ: ഇന്ത്യയിൽ പെൺകുട്ടികൾക്ക് വലിയ വിദ്യാഭ്യാസം നൽകേണ്ട ആവശ്യമില്ലെന്ന ബിഹാർ വിദ്യാഭ്യാസ മന്ത്രി മിതിലേഷ് തിവാരിയുടെ വാക്കുകൾ വൻ വിവാദമാകുന്നു. പെൺമക്കൾ വീടുകൾക്കുള്ളിലിരിക്കുന്നതാണ് ഭംഗിയെന്നും തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“എന്തിനാണ് അവർക്ക് വിദ്യാഭ്യാസം? വീട്ടിൽ പെൺകുട്ടികളുള്ളതാണ് നമ്മുടെ കരുത്തും അഭിവൃദ്ധിയുടെ അടിസ്ഥാനവും. മോദിയിങ്ങനെ നാരി ശക്തി മണ്ഡലുമായി ഉള്ളപ്പോൾ പെൺകുട്ടികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ്? എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. അതേസമയം, മന്ത്രിയുടെ വാക്കുകളെ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തതോടെ അവകാശങ്ങൾ സ്വതവേ വന്ന് ചേരുമെന്നും അതിനായി ആരും പ്രതിഷേധിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിൻറെ മറുപടി.
ഇതോടെ, ഒരു വിദ്യാഭ്യാസ മന്ത്രിയുടെ കാഴ്ചപ്പാട് ഇങ്ങനെയാണെങ്കിൽ ബിഹാറിൻറെ ഗതിയെന്താകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച് ആളുകൾ ചോദിക്കുന്നത്. ഭരണഘടനാവിരുദ്ധമാണ് മന്ത്രിയുടെ വാക്കുകളെന്നും ആളുകൾ കുറിച്ചിട്ടുണ്ട്. ഭരണഘടനയുടെ 21 A യിൽ 6 മുതൽ 14 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പ് നൽകുന്നു. ജാതിയുടെയോ, മതത്തിൻറെയോ, ലിംഗത്തിൻറെയോ, സാമ്പത്തികത്തിൻറെയോ പേരിൽ ആർക്കും വിദ്യാഭ്യാസം നിഷേധിക്കാൻ പാടില്ല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
“ബിഹാറിലെ സാക്ഷരതാ നിരക്ക് ബഹുകേമമാണ്. എന്നിട്ടും ജനസംഖ്യയിൽ പാതിയോളം വരുന്ന സ്ത്രീജനങ്ങളെ അടുക്കളയിലേക്ക് തിരിച്ച് വിടാനാണോ നീക്കം? കുറച്ച് കഴിയുമ്പോൾ സ്കൂളുകൾ എന്തിനാണ് ? എന്ന് കൂടി ചോദിക്കില്ലെന്ന് എന്തുറപ്പ്?” എന്നായിരുന്നു ഒരാൾ കുറിച്ചത്. “ബിഹാറിലുള്ളവരുടെ യഥാർഥ മനസ്ഥിതിയാണ് മന്ത്രി പറഞ്ഞതെന്നും വിദ്യാഭ്യാസം കിട്ടിയ ഒരു ബിഹാറി പെൺകുട്ടിയും സ്വന്തം നാട്ടിലെ വിദ്യാഭ്യാസമില്ലാത്ത പുരുഷനെ വിവാഹം കഴിക്കില്ല” എന്ന് മറ്റൊരാളും കമൻറ് ചെയ്തിട്ടുണ്ട്.
അതേസമയം, “ദീർഘവീക്ഷണവും കാര്യപ്രാപ്തിയുമില്ലാത്ത നേതാക്കളുടെ കുഴപ്പമാണിതെന്നും ജനങ്ങൾ ഇത്തരം വ്യക്തികളെ തിരഞ്ഞെടുക്കാതെ ശ്രദ്ധിക്കണമെന്നും അധികാരത്തിൻറെ പരിസരത്ത് പോലും ഇങ്ങനെയുള്ളവരെ അടുപ്പിക്കരുതെന്നും നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതിന് പകരം പിന്നോട്ടടിക്കുകയാണ് ഇവർ ചെയ്യുന്നത്” – എന്നും പ്രതികരണങ്ങളുണ്ട്.
