തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കടലിലുണ്ടായ ബോട്ട് ദുരന്തത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടു. മലയാളിയടക്കം അഞ്ച് ഇന്ത്യൻ ജീവനക്കാരെ കാണാതായിട്ടുണ്ട്. മൊസാംബിക്കിന്റെ തീരപ്രദേശത്തുവെച്ച്, ഇന്ത്യൻ കപ്പൽ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു ലോഞ്ച് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
‘എംടി സീ ക്വസ്റ്റ്’ എന്ന കപ്പലിലെ ജീവനക്കാരെ കപ്പലിലേക്ക് എത്തിക്കാൻ പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. ആകെ 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഇതിൽ 14 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു. അതേസമയം, മറ്റ് അഞ്ച് പേരെയാണ് ഇപ്പോഴും കണ്ടെത്താനുള്ളത്. കാണാതായവരിൽ ഒരാൾ മലയാളിയാണ്. രക്ഷപ്പെട്ടവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
മൊസാംബിക്കിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ട്, കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നടന്നുവരികയാണ്. ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അറിയിച്ചിട്ടുണ്ട്.
