കേരളത്തിൽ ഇന്ന് മുതൽ ഏപ്രിൽ 23 ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ സമയത്ത് വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും സംസ്ഥാനത്ത് ചൂട് കുറയാൻ സാധ്യതയില്ല. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില തുടരുന്നതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കും. മറ്റ് ജില്ലകളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പകൽ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
