
കൊച്ചി : ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്ന കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ നിലവിൽ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് പൊലീസ്. ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് ഇക്കാര്യം അറിയിച്ചത്. നോട്ടിസ് നൽകി ചോദ്യം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചതോടെ മുൻകൂർ ജാമ്യഹർജി കോടതി തീർപ്പാക്കി.
കേസിൽ ആന്റോ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയുമാണ്. ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് മുൻകൂർ ജാമ്യഹർജിയുമായി ആന്റോ കോടതിയെ സമീപിച്ചത്. മെസി കേസിനു പുറമെ മുഖ്യമന്ത്രി വി.ഡി.സതീശന് രണ്ടാം വിവാഹം കഴിച്ചെന്ന പ്രചരണത്തിനായി വ്യാജരേഖകൾ ചമച്ചെന്ന കേസിലും ആന്റോയ്ക്കെതിരെ കേസുണ്ട്. കെപിസിസി വക്താവ് രാജു പി.നായർ നൽകിയ പരാതിയിലാണ് കളമശേരി പൊലീസ് കേസെടുത്തിട്ടുള്ളത്. ഈ കേസിലും ആന്റോ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.
