Home » Blog » Kerala » മെറ്റയ്ക്കെതിരെയുള്ള നിയമനടപടികൾ ശക്തമാകുന്നു; പിഴകളിൽ നിന്നും വിചാരണകളിൽ നിന്നും രക്ഷപ്പെടാൻ കമ്പനിയുടെ പുതിയ നീക്കങ്ങൾ
images

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അമിതമായ ഉപയോഗവും അതുവഴി കുട്ടികൾക്കുണ്ടാകുന്ന മാനസിക-ശാരീരിക പ്രത്യാഘാതങ്ങളും സംബന്ധിച്ച നിയമനടപടികളിൽ നിന്ന് തലയൂരാൻ മെറ്റയുടെ തന്ത്രപരമായ നീക്കം. നിലവിൽ തങ്ങൾക്കെതിരെ ഫയൽ ചെയ്തിരിക്കുന്ന ആയിരക്കണക്കിന് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്കൻ കോൺഗ്രസിൽ ശക്തമായ സമ്മർദം ചെലുത്തുകയാണ് കമ്പനി.

 

അമേരിക്കൻ സെനറ്റിന്റെ പരിഗണനയിലുള്ള ‘കിഡ്‌സ് ഓൺലൈൻ സേഫ്റ്റി ആക്ട്’ (KOSA) എന്ന ബില്ലിൽ ഒരു ഭേദഗതി കൊണ്ടുവരാനാണ് മെറ്റയുടെ ശ്രമം. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേറ്റുകളിലെ നിയമങ്ങൾ പ്രകാരം ഫയൽ ചെയ്യുന്ന എല്ലാ നഷ്ടപരിഹാര ക്ലെയിമുകളിൽ നിന്നും ടെക് കമ്പനികൾക്ക് പൂർണമായ പ്രതിരോധം നൽകണമെന്നാണ് മെറ്റയുടെ ആവശ്യം. സോഷ്യൽ മീഡിയ അഡിക്ഷൻ ഉൾപ്പെടെയുള്ള ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് കാണിച്ച് ഒട്ടേറെ കുടുംബങ്ങൾ മെറ്റയ്ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. ഈ നിയമപോരാട്ടങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് കമ്പനി ഇപ്പോൾ ഇത്തരം ഒരു വഴിയൊരുക്കുന്നത്.

 

ഒരു ഏകീകൃത ദേശീയ മാനദണ്ഡം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ഇതൊരു സമ്പൂർണ്ണ പ്രതിരോധമല്ലെന്നുമാണ് മെറ്റ വക്താവ് ഇതിനെ ന്യായീകരിച്ചുകൊണ്ട് പറയുന്നത്. ഓരോ സ്റ്റേറ്റുകളിലും വ്യത്യസ്ത നിയമങ്ങൾ പിന്തുടരുന്നതിന് പകരം ഒരു ഫെഡറൽ നിയമം കൊണ്ടുവരണം എന്നാണ് കമ്പനിയുടെ വാദം. എന്നാൽ അഭിഭാഷകരുടെ സംഘടനയായ ‘അമേരിക്കൻ അസോസിയേഷൻ ഫോർ ജസ്റ്റിസ്’ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നു. ഈ വ്യവസ്ഥ പാസായാൽ നിലവിലുള്ള എല്ലാ കേസുകളും റദ്ദാക്കപ്പെടുമെന്നും, കുട്ടികൾക്ക് ദോഷകരമായ മാറ്റങ്ങൾ വരുത്തുന്ന സോഷ്യൽ മീഡിയ കമ്പനികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ലെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

 

കലിഫോർണിയയിലെ കോടതിയിൽ ഇൻഫിനിറ്റ് സ്ക്രോളിങ് പോലുള്ള ഫീച്ചറുകൾ കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുന്നുവെന്ന് തെളിയിക്കപ്പെടുകയും മെറ്റയ്ക്കും യുട്യൂബിനും എതിരെ പിഴ ചുമത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നിയമപരിരക്ഷയ്ക്കായുള്ള കമ്പനിയുടെ തിടുക്കപ്പെട്ടുള്ള നീക്കം. എന്നാൽ, മെറ്റ മുന്നോട്ടുവെച്ച ഈ സുരക്ഷാ ക്ലോസ് സ്വീകരിക്കാൻ നിയമനിർമാതാക്കൾ ഇതുവരെ തയാറായിട്ടില്ല. ഈ വിഷയത്തിൽ യുഎസ് കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഭാവിയിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷയുടെ കാര്യത്തിൽ അതിനിർണ്ണായകമായിരിക്കും.