Home » Blog » Kerala » “മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ച വെള്ളാപ്പള്ളിയെ ചുമന്നു നടന്നത് പാർട്ടിക്ക് തിരിച്ചടിയായി, അയ്യപ്പസം​ഗമവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ചടങ്ങിൽ വായിച്ചതും തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി” – പിണറായിക്കും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം
4

കോഴിക്കോട്: സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനും പ്രതിപക്ഷനേതാവ് പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള സമീപനവും കാറിൽ അദ്ദേഹത്തെ ചുമന്നതും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് സമിതിയിൽ വിമർശനമുയർന്നു. കൂടാതെ ഭരണപരവും സംഘടനാപരവും രാഷ്ട്രീയപരവുമായ ഗുരുതര വീഴ്ചകളാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

നേതാക്കൾക്കിടയിൽ വർധിച്ചുവരുന്ന പാർലമെന്ററി വ്യാമോഹവും അധികാരമോഹവും പാർട്ടിയുടെ അപചയത്തിന് വഴിവെച്ചു. ഭരണതലത്തിലും സംഘടനാതലത്തിലും സംഭവിച്ച വീഴ്ചകളിൽ പ്രധാനം വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധവും ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതുമാണ്. പാർട്ടിതലത്തിൽ വിശാലമായ രാഷ്ട്രീയ ചർച്ചകൾ നടത്താതെ ഭരണപരമായ തീരുമാനമെന്ന നിലയിലാണ് ആഗോള അയ്യപ്പസംഗമം നടത്തിയത്. മാത്രമല്ല യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ചടങ്ങിൽ വായിച്ചതും വെള്ളാപ്പള്ളിയെ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി സ്വന്തം കാറിൽ കയറ്റിയതും പാർട്ടിയുടെ മതേതര സ്വഭാവത്തിന് തിരിച്ചടിയായെന്നും വിശാല സമിതി വിലയിരുത്തി.

കൂടാതെ മുസ്ലിം സമുദായത്തിനെതിരേ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളോട് മൗനം പാലിച്ചതും, അവ ലീഗിനെതിരായ വിമർശനം മാത്രമായി ചുരുക്കിക്കാണിച്ചതും ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്കും വോട്ടുചോർച്ചയ്ക്കും ഇടയാക്കിയെന്നും വിലയിരുത്തലുണ്ട്. അതേസമയം, ലീഗ് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണം ഏറ്റെടുത്ത് സംഘപരിവാർ അജണ്ടയോടൊപ്പം ചേർന്നുപോകുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. അത് രാഷ്ട്രീയ വിമർശനമായി ഉയർത്തിക്കൊണ്ടുവരാൻ സിപിഎമ്മിന് കഴിഞ്ഞില്ലെന്ന ആത്മവിമർശനവും യോ​ഗത്തിൽ ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *