മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. മുഖ്യമന്ത്രിയുടേത് ‘ഇരട്ടച്ചങ്കല്ല ഇരട്ടത്താപ്പാണെന്ന്’ പരിഹസിച്ച സതീശൻ, അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും കുറ്റപ്പെടുത്തി. കേരളത്തിൽ നിലവിൽ ഭരണമില്ലാത്ത അവസ്ഥയാണെന്നും ജനങ്ങൾ വലിയ ദുരിതത്തിലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ നികുതിപ്പണം ദൂർത്തടിക്കുകയാണെന്നും പിആർ വർക്കിനായി കോടികൾ ഒഴുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മൻചാണ്ടിയുടെ കാലത്ത് പെൻഷൻ മുടങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോഴാണ് റേഷൻ പോലും മുടങ്ങുന്ന അവസ്ഥയുണ്ടായതെന്നും സതീശൻ പറഞ്ഞു. സി.പി.ഐ.എം ഇപ്പോൾ ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി മാറിയെന്നും പാർട്ടിയിലെ വിധേയത്വം മടുത്തിട്ടാണ് പി.കെ. ശശിയെപ്പോലുള്ളവർ യുഡിഎഫിലേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അവൾക്കൊപ്പം” എന്ന് ചായക്കപ്പിൽ എഴുതിവെച്ച് ഫോട്ടോ എടുക്കുന്ന മുഖ്യമന്ത്രി യഥാർത്ഥത്തിൽ “അവന്മാർക്കൊപ്പമാണ്” നിൽക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പരാമർശങ്ങളെ സൂചിപ്പിച്ച് സതീശൻ പരിഹസിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും പി.കെ. ശശി യുഡിഎഫിന്റെ അഭിമാനമായി നിയമസഭയിൽ ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
