വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ മറിച്ചുവിൽക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തെക്കുറിച്ച് സർക്കാർ ഒന്നും അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാർക്ക് ഒട്ടും വിശ്വസിക്കാൻ കൊള്ളുന്നതല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധം പുലർത്തുകയും, മുൻപ് ദുരൂഹമായ ബാംഗ്ലൂർ യാത്രകൾ സംഘടിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രി, ഈ വൻ ബിസിനസ്സ് ഇടപാട് പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് പറയുന്നത് തീർത്തും അസംബന്ധമാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മുൻ യുഡിഎഫ് സർക്കാരാണ് അദാനിയുമായി ഇത്തരമൊരു കരാർ ഉണ്ടാക്കിയതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പ് ഇതുവരെ ചിലവഴിച്ചത് വെറും 3000 കോടി രൂപയിൽ താഴെ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ മാത്രം 13,000 കോടി രൂപയ്ക്ക് അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എംഎസ്സിക്ക് വിൽക്കാനാണ് നീക്കം നടക്കുന്നത്. നിലവിലെ കരാർ വ്യവസ്ഥകൾ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഈ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ട് നടക്കുന്ന ഇത്തരം നീക്കങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യരക്ഷാപരമായ വലിയ ഉത്തരവാദിത്തങ്ങളുള്ള വിഴിഞ്ഞം പോലൊരു തന്ത്രപ്രധാന തുറമുഖം ഒരു സ്വകാര്യ കുത്തക കമ്പനിയുടെ കൈകളിലേക്ക് മാത്രം ഒതുങ്ങുന്നത് രാജ്യത്തിന് തന്നെ വലിയ അപകടമാണ്. ഏതൊരു കമ്പനിക്കും മത്സരാധിഷ്ഠിതമായി സേവനം ലഭ്യമാക്കാൻ സാധിക്കുന്ന ഒരു ‘മൾട്ടി-സിസ്റ്റം’ രീതിയാണ് മുൻപ് വിഭാവനം ചെയ്തിരുന്നതെങ്കിൽ, ഇന്നത് ഒരു പ്രത്യേക കുത്തക കമ്പനിക്ക് മാത്രം തീറെഴുതി കൊടുക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരളത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയെയും ഭാവിയെയും നേരിട്ട് ബാധിക്കുന്ന ഈ കുത്തകവൽക്കരണ നീക്കത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി എതിർക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
