
ലണ്ടൻ: ബ്രിട്ടനിലെ മിഡിൽസ്‌ബ്രോയിൽ റോഡപകടത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം. എ66 ഹൈവേയിലൂടെ തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഫോക്‌സ്‌വാഗൺ പസാത്ത് കാർ പൊലീസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മൈക്കൽ റോബർട്ട് കാഹിൽ (23), തിയോ റേ (17), കോൾ റോബർട്ട് വർത്തി (16), ജേക്കബ് മടുസിയാക് (23), മകായ് സാഡിംഗ്ടൺ (18) എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ മാത്യു ബ്ലേഡ്‌സ് (38), ടോം ക്ലൗഫ് (37) എന്നിവരുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ മരണം ക്ലീവ്‌ലാൻഡ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കോൺഡക്റ്റ് (IOPC) സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
