
സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. കേസെടുത്തു. വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ രണ്ട് ഇസിഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
അഴിമതി, ഹവാല ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ നേരത്തേ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനാണ് ഇ.ഡി.യുടെ നീക്കം.
നേരത്തേ വിജിലൻസ് രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. രണ്ടാമത്തേത് കുഴൽപ്പണവുമായി ബന്ധപ്പെട്ട കേസാണ്. മാസപ്പടി കേസിൽ പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികളെന്ന് നൽകിയ വിവരത്തിൽ പറയുന്നു.
ഇ.ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതോടെ സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട നിയമനടപടികൾ കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.
