
മുംബൈ: മാഗി നൂഡിൽസ് പാക്കറ്റ് തുറന്നപ്പോൾ പുഴുക്കളെയും പ്രാണികളെയും കണ്ടെത്തിയെന്ന പരാതിക്ക് പിന്നാലെ സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മുംബൈയിലെ കല്യാൺ സ്വദേശിയായ ഉപഭോക്താവാണ് പാകം ചെയ്യുന്നതിനായി തുറന്ന മാഗി പാക്കറ്റിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതിപ്പെട്ടത്. 2027 ഫെബ്രുവരി വരെ കാലാവധിയുണ്ടായിരുന്ന പാക്കറ്റിൽ നിന്നാണ് പുഴുക്കളെ കണ്ടെത്തിയതെന്നാണ് പരാതി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നെസ്ലെ സംഭവത്തിൽ പ്രതികരിച്ചത്.
മാധ്യമവാർത്തകളിലൂടെയാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്നും പരാതിക്കാരനായ ഉപഭോക്താവോ ഭക്ഷ്യസുരക്ഷാ അധികാരികളോ ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും നെസ്ലെ വ്യക്തമാക്കി. അതിനാൽ പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ കഴിയില്ലെന്നും കമ്പനി അറിയിച്ചു. ഉൽപ്പാദനശാലകളിൽ അസംസ്കൃത വസ്തുക്കളുടെ ശേഖരണം മുതൽ പാക്കിങ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഗുണനിലവാര പരിശോധനകളും ഭക്ഷ്യസുരക്ഷാ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഉൽപ്പന്നങ്ങൾ എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നെസ്ലെ കൂട്ടിച്ചേർത്തു.
അതേസമയം, വിപണിയിലുള്ള മാഗിയുടെ വിവിധ ബാച്ചുകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് അടിയന്തരമായി ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഉപഭോക്തൃ സംഘടനകളുടെ ആവശ്യം. സംഭവത്തിന് പിന്നിൽ സൂപ്പർമാർക്കറ്റുകളിലെയും കടകളിലെയും അശാസ്ത്രീയമായ സംഭരണ രീതികളാണോ, അതോ ഉൽപ്പാദന ഘട്ടത്തിലെ പിഴവാണോ എന്നതും പരിശോധിക്കണമെന്നാണ് ആവശ്യം. ഇതിനായി സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വൈറലായ വിഡിയോയിലെ ആരോപണം സംബന്ധിച്ച് ഉപഭോക്താവിൽ നിന്നോ ഭക്ഷ്യസുരക്ഷാ അധികൃതരിൽ നിന്നോ നേരിട്ടുള്ള പരാതി ലഭിച്ചിട്ടില്ലെന്നാണ് നെസ്ലെ പറയുന്നത്. അതിനാൽ സംഭവത്തിന്റെ യഥാർഥ കാരണം ഔദ്യോഗിക പരിശോധനകളിലൂടെ വ്യക്തമാകേണ്ടതുണ്ട്. അതേസമയം, ഭക്ഷ്യസുരക്ഷയും ഉൽപ്പന്നങ്ങളുടെ സംഭരണരീതികളും വീണ്ടും ചർച്ചയാകുന്നതാണ് സംഭവത്തിന്റെ പശ്ചാത്തലം.
