
കൊച്ചി: മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. ബിരുദദാന ചടങ്ങിനിടെ സ്റ്റേജിലെത്തിയ വിദ്യാർത്ഥികൾ മന്ത്രിയെ വളയുകയും ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുകയും ചെയ്തതോടെ പരിപാടി നിർത്തിവെച്ച് മന്ത്രി വേദിയിൽ നിന്നും ഇറങ്ങിപ്പോയി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.
എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കാലടി സർവ്വകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ചാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതെന്ന് ആരോപിച്ചു. വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടി 60 ദിവസം പിന്നിട്ടിട്ടും പിൻവലിക്കാത്ത സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത പൊതുപരിപാടിയിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തെത്തുടർന്ന് കോളേജ് കാമ്പസിൽ വലിയ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
