മലാപ്പറമ്പ് പെൺവാണിഭക്കേസ്; കേന്ദ്രം നടത്തിപ്പിൽ രണ്ട് പോലീസുകാർക്ക് പ്രധാന പങ്ക്; പ്രതിചേർത്തു

കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭക്കേസില്‍ പങ്കാളികളായ രണ്ട് പോലീസുകാരെയും പ്രതിചേര്‍ത്തു. പോലീസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലാപ്പറമ്പിലെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ ഇരുവരും സ്ഥിരം സന്ദര്‍ശകരാണെന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.

കേന്ദ്രത്തിന്റെ നടത്തിപ്പിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ഇതോടെ കേസില്‍ പ്രതിചേര്‍ത്തവരുടെ എണ്ണം 12 ആയി. കേസിലെ ഒന്നാം പ്രതി ബിന്ദുവുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും വിവരമുണ്ട്. കേന്ദ്രവുമായി ബന്ധമുള്ള കൂടുതല്‍ പേരേക്കുറിച്ചുള്ള വിവരം പ്രതികളുടെ ഫോണ്‍ വിവരങ്ങളിൽനിന്ന് ലഭ്യമാകുമെന്നാണ് കരുതുന്നത്.

കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശി വാടകയ്ക്കെടുത്തത്. ഇവിടെ നടത്തിയ റെയ്ഡില്‍ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒൻപത് പേരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തുരുത്തി സ്വദേശി ഉപേഷ് എന്നിവർ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *