ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്. മനുഷ്യരുടെ പാര്‍ട്ടിയാണ് സിപിഐഎം. തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ? തെറ്റ് സംഭവിച്ചാല്‍ തിരുത്തുക എന്നതാണ് രീതി. പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുള്ളത് പാര്‍ട്ടിക്ക് സംഭവിച്ച കുറ്റങ്ങളാണെന്നും ഇപ്പോള്‍ നടക്കുന്നത് തെറ്റുതിരുത്തല്‍ പ്രവര്‍ത്തനമാണെന്നും ഇ പി ജയരാജന് പറഞ്ഞു.
“ശരിയായ വഴിയിലേക്ക് കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കും. പ്രശ്നങ്ങളെല്ലാം ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കേണ്ട കാര്യമില്ല. വ്യക്തിഗതമായി പിശക് സംഭവിച്ചെങ്കില്‍ അവര്‍ ഘടകങ്ങളില്‍ ഏറ്റുപറയും. ശേഷം അവര്‍ തെറ്റ് തിരുത്തും. അതാണ് പാര്‍ട്ടി രീതി. എല്ലാവരും തെറ്റ് തിരുത്തും. അത് മാധ്യമങ്ങളെ അറിയിക്കുന്ന പതിവ് ഇല്ല” – ഇ പി ജയരാജന് കൂട്ടിച്ചേർത്തു.
