Home » Blog » Kerala » മദ്യത്തിന്റെ വിതരണം വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; പുതിയ സർക്കാർ തീരുമാനത്തിനെതിരെ കെ.എൻ ബാലഗോപാൽ
balagopal_finance_050224_facebook

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച ബജറ്റ് പ്രഖ്യാപനം സംസ്ഥാനത്ത് വലിയ തോതിൽ മദ്യവ്യാപനത്തിന് കാരണമാകുമെന്നും സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. വരുമാനം ലക്ഷ്യമിട്ടുള്ള ഈ നീക്കം സമൂഹത്തിൽ പുതിയൊരു മദ്യപാന സംസ്കാരത്തിന് വഴിതുറക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തും ഇത്തരമൊരു നീക്കത്തിനായി വലിയ സമ്മർദ്ദമുണ്ടായിരുന്നുവെന്ന് കെ.എൻ. ബാലഗോപാൽ വെളിപ്പെടുത്തി. റെഡി ടു ഡ്രിങ്ക് വിഭാഗത്തിൽപ്പെടുന്ന മദ്യത്തിന്റെ നികുതി കുറയ്ക്കാൻ മുൻപ് സമ്മർദ്ദമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ അതിന് തയ്യാറായിരുന്നില്ല. കാരണം, ഇത് സമൂഹത്തിൽ മദ്യം ഉപയോഗിക്കുന്ന ഒരു പുതിയ വിഭാഗത്തെക്കൂടി സൃഷ്ടിക്കും. വരുമാനം ലഭിക്കുമെങ്കിലും യഥാർത്ഥത്തിൽ ഇത് ‘സോഷ്യൽ ഡ്രിങ്കിങ്ങിന്’ ലൈസൻസ് കൊടുക്കലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കർഷകരെ സഹായിക്കാനായി പഴവർഗ്ഗങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ‘ഹോർട്ടി വൈൻ’ നികുതി മാത്രമാണ് നിശ്ചയിച്ചിരുന്നത്.

ബജറ്റ് തീരുമാനം അപകടകരമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ടെന്നും ഭരണകക്ഷിയിൽ തന്നെ ഇതിനെതിരെ ഭിന്നസ്വരങ്ങൾ ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിൽ യു.ഡി.എഫ് മന്ത്രിസഭയിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. മന്ത്രിസഭ പോലും ഈ വിവരം കൃത്യമായി അറിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ഇതിനെതിരെ എതിരഭിപ്രായം ഉയർന്നിട്ടുണ്ട്. മുൻപ് മാത്യു കുഴൽനാടൻ, അൻവർ സാദത്ത് തുടങ്ങിയവർ സഭയിൽ ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നതുമാണ്. നികുതി ഘടന മാറിയത് താൻ അറിഞ്ഞില്ലെന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന സർക്കാരിൽ കൂട്ട ഉത്തരവാദിത്തമില്ല എന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പരിഹസിച്ചു. സർക്കാർ ഈ തീരുമാനത്തെ ഒരു ഈഗോ പ്രശ്നമായി കാണരുതെന്നും, ‘താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ എന്ന വാശി ഉപേക്ഷിച്ച് എത്രയും വേഗം തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്നും കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.