നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഇതിന്റെ ഭാഗമായി കേരള ഹൗസിൽ നിന്ന് ബാധ്യതാ രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതായാണ് സൂചന. സുധാകരന്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡിന്റെ സജീവ പരിഗണനയിലാണെന്ന വാർത്തകൾക്കിടെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള പ്രാഥമിക നടപടികൾ അദ്ദേഹം ആരംഭിച്ചിരിക്കുന്നത്.
അതേസമയം, കെ. സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം രാത്രി ഡിസിസി ഓഫീസിന് പരിസരത്ത് സുധാകരൻ അനുകൂലികൾ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രിയ നേതാവിന് സീറ്റ് നിഷേധിക്കരുത് എന്നാവശ്യപ്പെട്ട് ആവേശകരമായ മുദ്രാവാക്യങ്ങളുമായാണ് നൂറുകണക്കിന് അണികൾ പ്രതിഷേധത്തിൽ പങ്കെടുത്തത്.
നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിലും സുധാകരൻ അനുകൂല ഫ്ലക്സുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള ഭാഗങ്ങളിൽ സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായാണ് സുധാകരനെ പിന്തുണയ്ക്കുന്ന ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തർക്കമുള്ള സീറ്റുകൾ മാറ്റിവെച്ചുകൊണ്ട് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് നിലവിൽ കോൺഗ്രസ് നേതൃത്വം.
