
വനിതാ ടി20 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് കനത്ത തിരിച്ചടി. മത്സരത്തിനിടെ മോശമായി പെരുമാറിയതിന് പാക് ക്യാപ്റ്റന് മാച്ച് ഫീയുടെ ഒരു ഭാഗം പിഴയും ഡിമെറിറ്റ് പോയിന്റും ശിക്ഷയായി ലഭിച്ചു. ദുബായിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ്മയെ പുറത്താക്കിയ ശേഷമുള്ള താരത്തിന്റെ അതിരുകടന്ന ആഘോഷമാണ് നടപടിക്ക് കാരണമായത്.
സ്വന്തം പന്തിൽ ഷഫാലി വർമ്മയെ ക്യാച്ചെടുത്ത് പുറത്താക്കിയ പാക് ക്യാപ്റ്റൻ, ബാട്ടർ പവലിയനിലേക്ക് തിരിച്ചുനടക്കുമ്പോൾ അവിടേക്ക് വിരൽ ചൂണ്ടി ആംഗ്യം കാണിച്ച് അപമാനിക്കുന്ന തരത്തിൽ ആഘോഷിക്കുകയായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ വിക്കറ്റ് വീഴ്ത്തുമ്പോൾ എതിർ ടീം ബാറ്റർമാരെ മോശമായ രീതിയിൽ വിരൽ ചൂണ്ടുകയോ അധിക്ഷേപിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങൾ കാണിക്കുകയോ ചെയ്യുന്നത് വിലക്കുന്ന ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരമാണ് ഫാത്തിമ സനയ്ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ പെരുമാറ്റച്ചട്ട ലംഘനത്തിന് താരത്തിന്റെ മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴയായി ചുമത്തിയത്. ഇതിനുപുറമെ താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മാസത്തിനിടെ ഫാത്തിമ സനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന രണ്ടാമത്തെ കുറ്റമാണിത്. ഇതോടെ താരത്തിന്റെ ആകെ ഡിമെറിറ്റ് പോയിന്റുകളുടെ എണ്ണം രണ്ടായി ഉയർന്നു.
