തിരുവനന്തപുരം: ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് എസ്എഫ്ഐക്കാർ തന്നെയെന്ന് പോലീസ് കണ്ടെത്തൽ. തെളിവായി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബ്ലേഡ് കൊണ്ടുവന്ന പ്രവർത്തകനെയും തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു. ഇയാൾ ജില്ലയിൽ തന്നെയുള്ള എസ്എഫ്ഐക്കാരൻ ആണെന്നും പേര് വിവരങ്ങൾ പുറത്തുവിട്ടില്ലെന്നുമാണ് അറിയുന്നത്. എന്നാൽ ഇയാളുടെ അറസ്റ്റ് ഇന്നുതന്നെയുണ്ടാകുമെന്നുമാണ് അറിയുന്നത്. ബാരിക്കേഡ് കെട്ടാൻ ഉപയോഗിച്ച വടം മുറിച്ച് അകത്തുകടക്കാനാണ് ബ്ലേഡ് കൊണ്ടുവന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
അതേസമയം, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഒന്നാം പ്രതിയും സെക്രട്ടറി സഞ്ജീവ് രണ്ടാം പ്രതിയുമാക്കി പത്ത് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ മാർച്ചിനിടെ ബ്ലേഡ് കണ്ടെത്തിയപ്പോൾ പോലീസാണ് ഇത് കൊണ്ടുവന്നതെന്ന് മുഹമ്മദ് റിയാസ് അടക്കമുള്ള സിപിഎം നേതാക്കളും എസ്എഫ്ഐയും ആരോപിച്ചിരുന്നു. എന്നാൽ പോലീസ് ഈ ആരോപണങ്ങളെ തള്ളുകയും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തെ സമരക്കാർക്ക് നേരെയുള്ള പോലീസിന്റെ ജലപീരങ്കിപ്രയോഗവും അതിലെ ചെളിവെള്ളവും നിയമസഭയിലടക്കം ചർച്ചയായിരുന്നു. പിന്നീട് അതും റോഡിൽ നിന്ന് ശേഖരിച്ചതാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
