
ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് ഗിരീഷ് എഡി-നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ഇതിനോടകം 100 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം 150 കോടിയെന്ന നാഴികക്കല്ലിലേക്ക് കുതിക്കുകയാണ്. നിവിൻ പോളി-മമിത ബൈജു കൂട്ടുകെട്ടിനൊപ്പം ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച ‘ജോയൽ ഡേവിസ്’ എന്ന കഥാപാത്രം വലിയ രീതിയിൽ കയ്യടി നേടുന്നുണ്ട്. എന്നാൽ ഈ വേഷം ആദ്യം ആലോചിച്ചിരുന്നത് യുവതാരം നസ്ലെനെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ഗിരീഷ് എഡി. ക്ലബ് എഫ്‌എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഈ സിനിമയുടെ പ്രാരംഭ ഘട്ടത്തിൽ ജസ്റ്റിന്റെ അനിയൻ വേഷത്തിലേക്ക് നസ്ലെനെ പരിഗണിച്ചിരുന്നുവെന്ന് ഗിരീഷ് പറയുന്നു. എന്നാൽ പിന്നീട് സിനിമയുടെ സ്വഭാവം മാറിയപ്പോൾ ആ കഥാപാത്രത്തിലേക്ക് നസ്ലെനെ പോലുള്ള ഒരു പ്രധാന നടനെ വിളിക്കുന്നത് ശരിയാകില്ലെന്ന് തോന്നി. സംഗീത് പ്രതാപ് ഇപ്പോൾ നായകനായി അഭിനയിക്കുന്ന താരമാണെങ്കിലും, തങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ഈ വേഷം ചെയ്യാൻ എത്തിയതെന്നും ഗിരീഷ് കൂട്ടിച്ചേർത്തു.
അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘പ്രേമലു 2’ എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യത്തിനും സംവിധായകൻ മറുപടി നൽകി. ഇപ്പോൾ അതിന് മറുപടി പറഞ്ഞാൽ ചിത്രം വിജയിച്ച സന്തോഷത്തിൽ ആരെയൊക്കെയോ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് പോലെ തോന്നും. കുറച്ചുകാലംകൂടി കഴിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും, ആ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും ഗിരീഷ് വ്യക്തമാക്കി.
