ബെംഗളൂരു ദുരന്തം; സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കര്‍ണാക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ കിരീടനേട്ടത്തിന്റെ ഭാഗമായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വിജയാഘോഷത്തിനിടെ 11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിനു പിന്നാലെയാണ് ഹൈക്കമാന്‍ഡ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ രാഹുല്‍ ഗാന്ധിയെ കാണാനാണ് ഇരുവരോടും നിര്‍ദേശിച്ചിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ പരിപാടിയുമായി ബന്ധപ്പെട്ട് ശിവകുമാര്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ഡല്‍ഹിയില്‍ തുടരുന്നത് നീട്ടും. സിദ്ധരാമയ്യ ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടും.

അതേസമയം, അത്തരമൊരു സംഭവം (സ്റ്റേഡിയം ദുരന്തം) നടക്കാന്‍ പാടില്ലായിരുന്നെന്ന് ഞായറാഴ്ച മൈസൂരൂവില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ സിദ്ധരാമയ്യ പറഞ്ഞിരുന്നു. ക്രിക്കറ്റ് സ്റ്റേഡിയവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദയെ ബലിയാടാക്കിയെന്ന ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.

കമ്മിഷണറെ മാത്രമല്ല മറ്റ് അഞ്ച് ഓഫീസര്‍മാരെ കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്റലിജന്‍സ് മേധാവിയെ മാറ്റി. തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ. ഗോവിന്ദരാജയെയും മാറ്റി. നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പോലീസ് കമ്മിഷണറെ മാറ്റുക മാത്രമല്ല ചെയ്തിട്ടുള്ളതെന്നും സിദ്ധരാമയ്യ പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *