ശബരിമല സന്നിധാനത്ത് അടുത്ത 15 വർഷത്തേക്ക് പടിപൂജയ്ക്ക് ബുക്കിംഗ് സ്ലോട്ടുകൾ ലഭ്യമല്ലാത്ത സാഹചര്യം നിലനിൽക്കേ, കുംഭമാസ പൂജകൾക്കിടെ രണ്ട് ദിവസങ്ങളിൽ പൂജ മുടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയും ഇന്നലെയുമാണ് പടിപൂജ നടക്കാതിരുന്നത്. പൂജയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്തവർ സന്നിധാനത്ത് എത്താതിരുന്നതാണ് ഇതിന് കാരണമായി ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഈ വഴിപാട് ബുക്ക് ചെയ്തവർക്ക് മാത്രമേ നടത്താൻ അനുവാദമുള്ളൂ.
അതേസമയം, പടിപൂജ സ്ലോട്ടുകൾ വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ബുക്കിംഗ് സ്ലോട്ടുകൾ മൂന്നും നാലും ഇരട്ടി വിലയ്ക്ക് വിൽക്കുന്നു എന്ന വിവരത്തെത്തുടർന്ന് സന്നിധാനത്ത് കർശന പരിശോധനകളാണ് നടക്കുന്നത്. പൂജ ബുക്ക് ചെയ്ത വ്യക്തിയോ അവരുടെ അടുത്ത ബന്ധുക്കളോ തന്നെ നേരിട്ട് എത്തണമെന്നാണ് നിലവിലെ നിയമം. മറ്റാരെയെങ്കിലും വിജിലൻസ് പൂജയ്ക്കായി അനുവദിക്കില്ല എന്ന കർശന നിലപാട് വന്നതോടെയാണ് ബുക്ക് ചെയ്തവർ വരാതിരുന്നതെന്ന സംശയവും ഉയരുന്നുണ്ട്.
വഴിപാട് മുടങ്ങിയാലും ശബരിമലയിലെ നിത്യനിദാന ക്രിയകൾക്കും മറ്റ് പൂജകൾക്കും തടസ്സമുണ്ടാകില്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് വ്യക്തമാക്കിയിട്ടുണ്ട്. ബുക്ക് ചെയ്തവർ വരാത്ത സാഹചര്യത്തിൽ മുൻപും പൂജകൾ മുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2040 വരെ പടിപൂജയ്ക്ക് സ്ലോട്ടുകൾ ഇല്ലെന്ന് വിശ്വാസികളെ അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ, ഇത്തരത്തിൽ പൂജ മുടങ്ങുന്നത് ഭക്തർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
