ഫ്രാന്‍സില്‍ സേവനം അവസാനിപ്പിച്ച്‌ പോണ്‍ വെബ്സൈറ്റ് പ്ലാറ്റ്ഫോമുകൾ

ഫ്രാന്‍സില്‍ സേവനം അവസാനിപ്പിച്ച്‌ പോണ്‍ വെബ്സൈറ്റ് പ്ലാറ്റ്ഫോമുകളായ പോണ്‍ഹബ്, റെഡ് ട്യൂബ്, യൂപോണ്‍ എന്നിവയുടെ മാതൃസ്ഥാപനമായ എയ്‌ലോ ഫ്രീസൈറ്റ്സ്. വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ പ്രായം സ്ഥിരീകരിക്കണമെന്ന ഫ്രഞ്ച് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. സേവനം നിര്‍ത്തുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്ന അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് ഓരോ വെബ്സൈറ്റിലൂടെയും നല്‍കും. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന നടപടികള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

ജൂണ്‍ ഏഴ് മുതല്‍ രാജ്യത്ത് ലഭ്യമായ പോണ്‍ വെബ്‌സൈറ്റുകളില്‍ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ നിര്‍ദേശം. പ്രായപൂര്‍ത്തിയാകാത്തയാളുകളുടെ സുരക്ഷ മാനിച്ച് 2023 ല്‍ പാസാക്കിയ നിയമം അടിസ്ഥാനമാക്കിയാണ് ഈ നിയന്ത്രണം. എയ്‌ലോ ഫ്രീസൈറ്റ്‌സും ഈ നിയന്ത്രണത്തിന് വിധേയരാണ്. പോണ്‍ ഹബ്ബിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഫ്രാന്‍സ്. അമേരിക്ക ആണ് മുന്നില്‍. ഫിലിപ്പീന്‍സ്, മെക്‌സിക്കോ, യുകെ എന്നിവരാണ് പിന്നിലുള്ളത്. ഫ്രാന്‍സിന്റെ ഈ നിയമം അപകടകരമാണെന്നും സ്വകാര്യതയുടെ ലംഘനമാണെന്നും ഫലപ്രദമല്ലെന്നും കമ്പനി അധികൃതര്‍ വാദിക്കുന്നു. നിയമത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുമെന്നും കമ്പനി പറഞ്ഞു.

 

അതിനിടെ, എയ്‌ലോ പ്ലാറ്റ്‌ഫോംസ് ഡിജിറ്റല്‍ സര്‍വീസസ് ആക്ട് നിയമം ലംഘിച്ചുവെന്ന് കാണിച്ച് യൂറോപ്യന്‍ കമ്മീഷനും പ്രായ സ്ഥിരീകരണ സംവിധാനം നിര്‍ബന്ധിതമാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മാതാക്കള്‍ ആപ്പ് സ്റ്റോറുകള്‍, മറ്റ് സാങ്കേതിക വിദ്യാ പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ ശ്രമിച്ചുവരുന്നുണ്ടെന്നും കമ്പനി പറയുന്നു. ഫ്രാന്‍സില്‍ സേവനം എത്രനാള്‍ നിര്‍ത്തിവെക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പോണ്‍ വെബ്സൈറ്റുകള്‍ക്ക് പുറമെ, നിരവധി പ്രമുഖ പോണ്‍ സ്റ്റുഡിയോകളും എയ്‌ലോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *