ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ റെഡ് കാർഡ് ലഭിച്ച അമേരിക്കൻ താരം ഫോളറിൻ ബലോഗന്റെ സസ്പെൻഷൻ ഫിഫ നീക്കിയത് വലിയ വിവാദത്തിലേക്ക്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്നാണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെൻഷൻ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇതോടെ ഇന്ന് നടക്കുന്ന ബെൽജിയം-അമേരിക്ക പ്രീ-ക്വാർട്ടർ മത്സരത്തിൽ താരം കളിക്കുമെന്ന് ഉറപ്പായി. ഫിഫയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഫുട്ബോൾ ലോകത്ത് വലിയ വിമർശനമാണ് ഉയരുന്നത്.
റൂണിയും നെവിലും രംഗത്ത്
ഫിഫയുടെ നിലപാടിനെതിരെ മുൻ ഇംഗ്ലണ്ട് സൂപ്പർ താരങ്ങളായ വെയ്ൻ റൂണിയും ഗാരി നെവിലും രൂക്ഷമായി പ്രതികരിച്ചു. ഇത്തരമൊരു നടപടി ഫുട്ബോളിന്റെ സ്പോർട്സ്മാൻഷിപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് വെയ്ൻ റൂണി പറഞ്ഞു. “ഒരു ഇംഗ്ലണ്ട് കളിക്കാരനോ മെക്സിക്കൻ കളിക്കാരനോ ആണ് നിങ്ങളെങ്കിൽ, ചുവപ്പ് കാർഡ് ലഭിച്ചാൽ അടുത്ത മത്സരം കളിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാനാവുമോ? ഇത് എവിടെയാണ് അവസാനിക്കുന്നത്?” എന്ന് റൂണി ചോദിക്കുന്നു. തന്റെ എതിരാളികളാണ് അമേരിക്ക എന്നുണ്ടെങ്കിൽ താൻ ഇതിനെതിരെ ശക്തമായി പ്രതികരിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഫയുടെ നടപടിയെ ‘അപമാനകരം’ എന്നാണ് ഗാരി നെവിൽ വിശേഷിപ്പിച്ചത്.
മത്സരത്തിലേക്ക്
നാളെ പുലർച്ചെ 6:30-നാണ് അമേരിക്ക-ബെൽജിയം മത്സരം നടക്കുന്നത്. ബോസ്നിയക്കെതിരായ മത്സരത്തിൽ ഗോളടിച്ചതിന് ശേഷം 45-ാം മിനിറ്റിലാണ് ബലോഗന് റെഡ് കാർഡ് ലഭിച്ചത്. മൂന്ന് ഗോളുകളുമായി അമേരിക്കയുടെ പ്രധാന ഗോൾവേട്ടക്കാരനാണ് ബലോഗൻ. ഗ്രൂപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരു ടീമുകളും നോക്കൗട്ടിലെത്തിയത്.
