Home » Blog » Kerala » ഫയർഫോഴ്‌സിൽ റീൽസ് ചിത്രീകരണത്തിന് നിയന്ത്രണം; ലംഘിച്ചാൽ വകുപ്പുതല നടപടി
13

കോഴിക്കോട്: യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീൽസ് ചിത്രീകരിക്കാൻ പാടില്ലെന്ന് ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറലിന്റെ നിർദേശം. വകുപ്പിലെ ജീവനക്കാർ യൂണിഫോം ധരിച്ച് റീൽസ് ചിത്രീകരിക്കുന്നതിൽ പരാതി ലഭിച്ചതായി ഡയറക്ടർ ജനറലിന്റെ ഉത്തരവിൽ പറയുന്നു.

“വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വകുപ്പിന്റെ സേവനങ്ങളുമായി ബന്ധമില്ലാത്തതോ വകുപ്പിന്റെ സൽപ്പേരിന് കളങ്കം ചാർത്തുന്നതോ ആയ റീൽസ് ചിത്രീകരിക്കുന്നത് അനുവദനീയമല്ല. ഇത്തരം റീൽസ് ചിത്രീകരിക്കരുതെന്ന് കർശനമായി നിർദേശിക്കുന്നു.” – ഉത്തരവിൽ പറയുന്നു
.
നിർദേശം ലംഘിച്ച് റീൽസ് ചിത്രീകരിക്കുന്ന സേനാംഗങ്ങൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നതിനും ബോധവൽക്കരിക്കുന്നതിനും മാത്രം റീൽസുകൾ ചിത്രീകരിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.