ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക് ചേരുന്നതായി റിപ്പോർട്ടുകൾ. അർപ്പണബോധത്തോടെ പ്രവർത്തിച്ച തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കിയതിൽ ‘ഇരട്ടനീതി’ ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചതായാണ് വിവരം. നാളെ ഇരുവരും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നും, പാർട്ടിയിൽ സജീവമായാൽ അർഹമായ പരിഗണന നൽകാമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പുനൽകിയതായും സൂചനയുണ്ട്.
