
ലണ്ടൻ: ഡയാന രാജകുമാരിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ ചാൾസ് രാജാവ്, അന്ന് വെയിൽസ് രാജകുമാരൻ, അമിതമായി സന്തോഷിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി ഡയാനയുടെ സഹോദരൻ ചാൾസ് സ്പെൻസർ. ഡയാനയെക്കുറിച്ച് അദ്ദേഹം എഴുതിയ ‘സ്വാൻ സോങ്: ഡയാന, മൈ സിസ്റ്റർ’ എന്ന ഓർമപ്പുസ്തകത്തിലാണ് ചാൾസുമായി നടത്തിയ സംഭാഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ. പുസ്തകം അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കെ, ഇതിലെ ചില ഭാഗങ്ങൾ ഡെയ്‌ലി മെയിൽ പ്രസിദ്ധീകരിച്ചതോടെയാണ് ആരോപണം ശ്രദ്ധ നേടിയത്.
1997ൽ പാരീസിലുണ്ടായ വാഹനാപകടത്തിൽ ഡയാന മരിച്ച രാത്രി ചാൾസ് തന്നോട് ഫോണിൽ സംസാരിച്ചപ്പോൾ, ലോട്ടറിയടിച്ച ഒരാളെപ്പോലെ അത്യധികം സന്തോഷത്തിലായിരുന്നുവെന്നാണ് സ്പെൻസർ പുസ്തകത്തിൽ പറയുന്നത്. ഡയാനയുടെ മരണത്തോടെ താൻ സ്നേഹിച്ചിരുന്ന കാമില പാർക്കർ ബൗൾസിനെ വിവാഹം ചെയ്യാൻ കഴിയുമെന്ന ചിന്തയായിരിക്കാം ചാൾസിന്റെ പ്രതികരണത്തിന് പിന്നിലെന്നും സ്പെൻസർ വിലയിരുത്തുന്നു. ഡയാനയുടെ സംസ്കാരച്ചടങ്ങിൽ മക്കളായ വില്യമും ഹാരിയും ശവമഞ്ചത്തിന് പിന്നിൽ നടക്കുന്നതിനെ സ്പെൻസർ എതിർത്തതിനെ തുടർന്നുണ്ടായ ഫോൺ സംഭാഷണത്തെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്.
അന്ന് 15ഉം 12ഉം വയസ്സുമാത്രമുണ്ടായിരുന്ന വില്യമിനും ഹാരിക്കും അമ്മയുടെ ശവമഞ്ചത്തിന് പിന്നിൽ നടക്കുന്നത് വലിയ മാനസിക ആഘാതമാകുമെന്ന് സ്പെൻസർ വാദിച്ചപ്പോൾ ചാൾസ് കോപാകുലനായെന്നും, “നമ്മൾ അവളെ വൈകാതെ മറന്നുകൊള്ളും” എന്ന് പറഞ്ഞതായും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം രാജകുടുംബാംഗങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളോട് സാധാരണയായി പ്രതികരിക്കാറില്ലെന്നാണ് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചത്. സഹോദരങ്ങളെ നഷ്ടപ്പെട്ടതിന്റെ ദുഃഖവും വേദനയും വർഷങ്ങൾക്കുശേഷവും ഒരാളുടെ ഓർമയെയും യുക്തിയെയും വിധിനിർണയത്തെയും സ്വാധീനിക്കാമെന്നും കൊട്ടാരം പ്രതികരിച്ചു.
1981ലാണ് ചാൾസും ഡയാനയും വിവാഹിതരായത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ വർഷങ്ങളോളം ബ്രിട്ടീഷ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. 1996ൽ ഇരുവരും വിവാഹമോചനം നേടി. പിന്നാലെ 1997 ഓഗസ്റ്റ് 31ന് പാരീസിൽ പാപ്പരാസി ഫോട്ടോഗ്രാഫർമാരിൽനിന്ന് രക്ഷപ്പെടുന്നതിനിടെ ഡയാന സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഡയാന മരിച്ചു. വർഷങ്ങൾക്കുശേഷം പുറത്തുവരുന്ന സ്പെൻസറിന്റെ ഓർമക്കുറിപ്പിലെ ഈ അവകാശവാദങ്ങളാണ് ഇപ്പോൾ വീണ്ടും ഡയാനയുടെ മരണവും രാജകുടുംബവുമായുള്ള ബന്ധവും ചർച്ചയാക്കുന്നത്
