പ്രധാനമന്ത്രിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവിന് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

മുംബൈ: പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ കോടതി രണ്ട് വർഷം കഠിനതടവിനു ശിക്ഷിച്ചു. ഇരുവരെയും വധിക്കാൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പണം വാഗ്ദാനം ചെയ്യുന്നുവെന്ന് പറഞ്ഞാണ് പ്രതി പോലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പ്രതിയോട് സഹതാപം കാണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2023 ലെ കേസിൽ മാർച്ച് 29 ന് പുറപ്പെടുവിച്ച വിധിയിൽ, പ്രതിയായ കമ്രാൻ ഖാൻ മാനസികമായി അസ്ഥിരനാണെന്ന പ്രതിഭാഗത്തിന്റെ വാദം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസ്പ്ലനേഡ് കോടതി) ഹേമന്ത് ജോഷി തള്ളി.

ജയിൽ ശിക്ഷക്ക് പുറമെ പ്രതി 10,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 നവംബറിലാണ് പ്രതി മുംബൈ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു ഭീഷണി മുഴക്കിയത്. ഇരുവരെയും വകവരുത്താൻ ദാവൂദ് ഇബ്രാഹിം തനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നായിരുന്നു ഇയാൾ പറഞ്ഞത്. കൺട്രോൾ റൂമിലേക്ക് വിളിച്ച പ്രതി മുംബൈയിലെ ജെ.ജെ ഹോസ്പിറ്റൽ ബോംബുവച്ച് തകർക്കുമെന്നായിരുന്നു ആദ്യം ഭീഷണിപ്പെടുത്തിയത്. പ്രധാനമന്ത്രി മോദിയെ വധിക്കാൻ അഞ്ച് കോടിരൂപയും യോഗിയെ വകവരുത്താൻ ഒരു കോടിയും ദാവൂദ് ഇബ്രാഹിം വാഗ്ദാനം ചെയ്തെന്നായിരുന്നു ഇയാളുടെ വാദം.

ജെ.ജെ ഹോസ്പിറ്റലിൽ വൈദ്യപരിശോധനക്ക് എത്തിയപ്പോഴാണ് പ്രതി കൺട്രോൾ റൂമിലേക്ക് വിളിച്ചത്. ആശുപത്രിയിൽ രോഗികളുടെ തിരക്ക് കാരണം പരിശോധന വൈകിയതോടെയാണ് ഇയാൾ പൊലീസിനെ വിളിച്ചത്. സമാധാന അന്തരീക്ഷം തകർക്കുക, ഭീതി സൃഷ്ടിക്കുക എന്നിവയടക്കമുള്ള കുറ്റങ്ങൾക്കാണു ശിക്ഷ. ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾക്കെതിരെയുള്ള ഭീഷണികൾ ന്യായീകരിക്കാനാകില്ലെന്നും ഗുരുതര കുറ്റമാണ് പ്രതി ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.

കൂടാതെ, പ്രതി ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് പരാതിയിൽ നിന്ന് വ്യക്തമാണ്. സർക്കാർ സംവിധാനങ്ങൾക്കുണ്ടാകുന്ന സമ്മർദ്ദവും ഇത്തരം കിംവദന്തികൾ കാരണം ഭീഷണിപ്പെടുത്തപ്പെട്ട വളരെ നിർദ്ദിഷ്ട വ്യക്തികളുടെ സുരക്ഷയും കണക്കിലെടുക്കുമ്പോൾ, പ്രതിയോട് സഹതാപം കാണിക്കുന്നത് ന്യായീകരിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. ഭീഷണി സന്ദേശത്തെത്തുടർന്ന് പൊലീസ് സേന ഒന്നാകെ സുരക്ഷാ നടപടികളിലേക്കു കടക്കേണ്ടിവന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. പ്രതി മാനസിക ദൗർബല്യമുള്ളയാളാണെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും തെളിവു ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *