
കൈലാസ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിച്ച് ആർ ജെ പ്രസാദ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച ചിത്രം ‘അശാന്തം’ ഒടിടി റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയ്‌ലർ പുറത്തിറക്കി. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.
പുതുമുഖങ്ങളായ രജിത്ത് വി ചന്തു, റെയ്ന റോയ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ, ശാന്തകുമാരി, സിന്ധു ജേക്കബ്, മധു, പ്രിൻസ് മോഹൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. കിന്നാരത്തുമ്പികൾ (2000), മഞ്ഞുകാലപ്പക്ഷി (2000), പുന്നാര പൂങ്കുയിൽ (2003), മാണിക്യം (2015) എന്നീ സിനിമകൾക്ക് ശേഷം ആർ ജെ പ്രസാദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ നേതൃത്വത്തിൽ ഉടന്‍ തന്നെ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും.
ലൈംഗിക അതിക്രമത്തെ തുടർന്ന് ഒരു യുവതിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും കുടുംബബന്ധങ്ങളിലെ തകർച്ചയുമാണ് ചിത്രത്തിന്റെ പ്രമേയം. 2025 ലെ ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രം ആ വർഷത്തെ അജന്ത-എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വിന്ദ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ, ഫെസ്റ്റിവൽ ആഞ്ചലിക്ക എന്നീ ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിരുന്നു.
എഡിറ്റർ: ജയചന്ദ്ര കൃഷ്ണ, പശ്ചാത്തല സംഗീതം റോണി റാഫേൽ, കല പ്രേംരാജ് ബാലുശ്ശേരി, മേക്കപ്പ് അർജുൻ ബാലരാമപുരം, വസ്ത്രാലങ്കാരം ഷാജിറ ഷെറീഫ്, റൂബി പൊന്നാലയം, സൗണ്ട് മിക്സിംഗ് എൻ ഹരികുമാർ, കളറിസ്റ്റ് മഹാദേവൻ, സ്റ്റിൽസ് പ്രേമകുമാർ, പോസ്റ്റർ സിസൈൻ രമേഷ് എം ചാനൽ.
