ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് വലിയൊരു ആശ്വാസമായി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പിന്തുണ. ഇൻഫാന്റിനോയുടെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ച് യുവേഫ അടക്കമുള്ള ഫെഡറേഷനുകൾ രംഗത്തു വന്നിരുന്നുവെങ്കിലും, എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പിന്തുണ ലഭിച്ചതോടെ അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന ആശങ്കയ്ക്ക് വിരാമമായി. മൊറോക്കോയിൽ ചേർന്ന ഫിഫ എക്സിക്യൂട്ടീവ് യോഗത്തിൽ തന്റെ ചില പദ്ധതികളിൽ തെറ്റ് പറ്റിയിLെന്ന് അദ്ദേഹം സമ്മതിച്ചു. 2027 വരെയാണ് ഇൻഫാന്റിനോയ്ക്ക് ഫിഫ പ്രസിഡന്റ് സ്ഥാനത്ത് കാലാവധിയുള്ളത്.
ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ഫുട്ബോൾ ലോകത്ത് നിന്ന് വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. താരങ്ങളുടെ വർദ്ധിച്ച ജോലിഭാരം ചൂണ്ടിക്കാട്ടിയും യൂറോപ്യൻ രാജ്യങ്ങളുടെ കടുത്ത എതിർപ്പും ബഹിഷ്കരണ ഭീഷണിയെയും തുടർന്നാണ് ലോകകപ്പിന്റെ ഓഹരികൾ വിൽക്കാനുള്ള വിവാദ തീരുമാനം ഫിഫ ഒടുവിൽ പിൻവലിച്ചത്. കൂടാതെ ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി ഉയർത്താനുള്ള തീരുമാനവും ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യവൽക്കരണത്തിനൊപ്പം ഫിഫ ടൂർണമെന്റുകൾ നടത്തുന്നതിനായി ‘ഫിഫ ഫോർവേഡ് എന്റർപ്രൈസ്’ എന്ന പേരിൽ അർദ്ധ സ്വകാര്യ കമ്പനി രൂപീകരിക്കാനായിരുന്നു ജിയാനി ഇൻഫാന്റീനോയുടെ നിർദ്ദേശം. ഈ പുതിയ കമ്പനിയുടെ 20 ശതമാനത്തോളം ഓഹരികൾ വിറ്റ് 4.2 ശതകോടി ഡോളർ സമാഹരിക്കാനായിരുന്നു ലോക ഫുട്ബോൾ ഭരണസമിതി ലക്ഷ്യമിട്ടിരുന്നത്. 20 ശതകോടി ഡോളർ മൂല്യം കണക്കാക്കിയ ഈ യൂണിറ്റിനായുള്ള നീക്കമാണ് ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഫിഫ ഉപേക്ഷിച്ചത്.
