നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. ഈ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായി സിപിഐഎം- സിപിഐ ചർച്ച ഇന്ന് നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തും.
പ്രതിപക്ഷ ഉപനേതൃസ്ഥാനം രണ്ടാം കക്ഷിയായ സിപിഐയ്ക്ക് നൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐഎം. എന്നാൽ, ഈ പദവി തങ്ങൾക്ക് അർഹതപ്പെട്ടതാണെന്നും അത് ലഭിക്കാതെ ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കില്ലെന്നുമാണ് സിപിഐയുടെ നിലപാട്. ഉപനേതൃസ്ഥാനം സിപിഐയ്ക്ക് വിട്ടുനൽകില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നത്.
നാളെ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് ഇന്നത്തെ ഈ നിർണായക കൂടിക്കാഴ്ച നടക്കുന്നത്. അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം സ്വീകരിച്ച പരസ്യമായ നിലപാടുകൾക്കെതിരെ സിപിഐയ്ക്കുള്ളിൽ തന്നെ ഒരു വിഭാഗം നേതാക്കൾക്ക് വിമർശനമുണ്ട്. വിഷയം തുടക്കം മുതൽ പരസ്യമായി ഉന്നയിച്ച് വിവാദമാക്കേണ്ടതില്ലായിരുന്നുവെന്നാണ് ഇവരുടെ പക്ഷം. ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തുന്ന ഇന്നത്തെ ചർച്ചയോടെ ഈ തർക്കത്തിന് പരിഹാരമുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
