Home » Blog » Kerala » പ്രതി സ്ഥിരം കുറ്റവാളിയെന്ന് സർക്കാർ; ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി ഹൈക്കോടതി
10

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന ഒന്നാം പ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. നിലവിൽ ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

അതേസമയം, ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ 20 വർഷം തടവിനാണ് പൾസർ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിൻറെ ഗൗരവം കുറച്ചുകാണുന്നുവെന്ന് കരുതപ്പെടുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ‌അതിനാൽ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.

പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് സർക്കാരും വാദിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് കോടതി ഹർജി തള്ളിയത്.