തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് പുതിയ പദ്ധതി തയ്യാറാക്കുന്നു. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ‘കായകൽപ്പം’ എന്ന പേരിൽ സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ തീരുമാനിച്ചു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെയും ഒഴിഞ്ഞ വാർഡുകളുടെയും വിശദമായ കണക്കെടുപ്പ് ആരംഭിച്ചു.
നിലവിൽ പരിമിതമായി ഉപയോഗിക്കുന്നതോ ഉപയോഗശൂന്യമായി കിടക്കുന്നതോ ആയ കെട്ടിടങ്ങൾ നവീകരിച്ച് ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ അധിക വാർഡുകൾ, ചികിത്സാ വിഭാഗങ്ങൾ, ലാബുകൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. ആവശ്യമായ ഇടങ്ങളിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. ജനപ്രതിനിധികൾ, ആരോഗ്യരംഗത്തെ വിദഗ്ധർ, ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി വികസന സമിതികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനാണ് തീരുമാനം. ആദ്യ പരിപാടി ഈ മാസം 9-ന് കോഴിക്കോട് നടക്കും. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല കൂടുതൽ കാര്യക്ഷമവും രോഗിസൗഹൃദവുമാക്കുന്നതിനുള്ള ദീർഘകാല പദ്ധതിയുടെ തുടക്കമായാണ് ‘കായകൽപ്പം’ പരിപാടിയെ ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
