Home » Blog » Kerala » പെൻഷൻ വിതരണത്തിലെ മാറ്റം ജനവിരുദ്ധം; സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്
images (60)

സാമൂഹ്യ ക്ഷേമപെൻഷൻ വീട്ടുപടിക്കൽ നേരിട്ടെത്തിക്കുന്ന രീതി അവസാനിപ്പിച്ച് ബാങ്ക് അക്കൗണ്ടുകൾ വഴിയാക്കാനുള്ള നീക്കം പദ്ധതി അട്ടിമറിക്കാനും ഇല്ലാതാക്കാനുമുള്ള അജണ്ടയുടെ ആദ്യപടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ബാങ്ക് വഴി മാത്രമാക്കുന്നത് വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും കടുത്ത ദുരിതത്തിലാക്കുമെന്നും, സഹകരണ സംഘങ്ങൾ വഴി പണം നേരിട്ട് വീട്ടിലെത്തിക്കുന്ന ജനകീയ സംവിധാനം പുനഃസ്ഥാപിക്കണമെന്നും ഈ തകിടം മറിക്കൽ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അതേസമയം, ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ലക്ഷക്കണക്കിന് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും അത് അടിയന്തരമായി പിൻവലിക്കണമെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. ബാങ്കിൽ നേരിട്ടെത്തി പണം കൈപ്പറ്റണമെന്ന തീരുമാനം നേരിട്ടുപോകാൻ കഴിയാത്ത പാവപ്പെട്ടവരെ ദുരിതത്തിലാക്കും. ക്രമക്കേടുകൾ ഉണ്ടെങ്കിൽ അത് തടയാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അതിന് പകരം സംവിധാനം തന്നെ ഇല്ലാതാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ബാങ്ക് വഴി പെൻഷൻ വാങ്ങാൻ ബുദ്ധിമുട്ടുള്ള പകുതിയോളം ആളുകളെ ബാധിക്കുന്നതാണ് ഈ തീരുമാനം. എവിടെയെങ്കിലും വീഴ്ചയുണ്ടായാൽ അത് പരിഹരിക്കാതെ മൊത്തം ക്ഷേമ പെൻഷൻ സംവിധാനം തന്നെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൂടാതെ, സർവീസ് സംഘടനകളെക്കുറിച്ച് ഇത്തരം പ്രതികരണങ്ങൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേർത്തു.