Home » Blog » Kerala » പൃഥ്വി ഷായും ആകൃതിയും വീണ്ടും ഒന്നിച്ചു; തെറ്റിദ്ധാരണകൾ അവസാനിപ്പിച്ച് താരജോഡികൾ തിരിച്ചെത്തി
priyhvi-680x450

വിവാഹനിശ്ചയം റദ്ദാക്കി മാസങ്ങൾക്കകം ക്രിക്കറ്റ് താരം പൃഥ്വി ഷായും നടിയും ഇൻഫ്‌ളുവൻസറുമായ ആകൃതി അഗർവാളും വീണ്ടും ഒന്നിച്ചു. തിങ്കളാഴ്ച ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും തങ്ങൾ ഒന്നിച്ച വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. തങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാകാൻ കാരണം മറ്റുള്ളവരുടെ സ്വാധീനമാണെന്ന് ആകൃതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ‘വ്യക്തിപരമായ വിശദീകരണ’ത്തിൽ വ്യക്തമാക്കുന്നു.

 

അടുത്ത ആളുകൾ നൽകിയ തെറ്റായ വിവരങ്ങളും അഭിപ്രായങ്ങളും കേട്ടാണ് വിവാഹനിശ്ചയം റദ്ദാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തതെന്നും, അതിലുണ്ടായ വിഷമങ്ങൾക്ക് താനാണ് പൂർണ ഉത്തരവാദിയെന്നും ആകൃതി കുറിച്ചു. പിന്നീട് ഇരുവരും തമ്മിൽ നേരിട്ട് സംസാരിച്ച് തെറ്റിദ്ധാരണകൾ മാറ്റിയ ശേഷമാണ് വീണ്ടും ഒന്നിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചത്. പൃഥ്വി ഷായും ഈ കുറിപ്പ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2026 മാർച്ചിലായിരുന്നു പൃഥ്വി ഷായും ആകൃതിയും തമ്മിലുള്ള വിവാഹനിശ്ചയം. എന്നാൽ, ഭാവിയെക്കുറിച്ചുള്ള വ്യത്യസ്ത ലക്ഷ്യങ്ങളും സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ ഇരുവരും പിരിയുന്നതായി ആകൃതി ഇൻസ്റ്റഗ്രാമിൽ കുറിക്കുകയായിരുന്നു.

 

2018-ൽ ഇന്ത്യയ്ക്ക് അണ്ടർ-19 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനായ 26-കാരൻ പൃഥ്വി ഷാ കരിയർ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറിയ താരം നിലവിൽ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഋതുരാജ് ഗെയ്ക്​വാദിന്റെ അഭാവത്തിൽ മഹാരാഷ്ട്ര ടീമിനെ നയിക്കുന്ന പൃഥ്വി ഷാ, സർവീസസിനെതിരായ മത്സരത്തിൽ 73 പന്തിൽ നിന്ന് 70 റൺസ് നേടി മികച്ച ഫോമിലാണെന്ന് തെളിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *