Home » Blog » kerala Mex » പുതിയ തീവണ്ടി സർവീസുകൾക്ക് തുടക്കം കുറിച്ച് നരേന്ദ്ര മോദി; തിരുനെൽവേലി-മംഗളൂരു എക്‌സ്പ്രസുകളുടെ സ്റ്റോപ്പുകളും സമയക്രമവും
18

ചെന്നൈ: ദക്ഷിണേന്ത്യയിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് അഞ്ച് പുതിയ തീവണ്ടി സർവീസുകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന ചടങ്ങിലാണ് രാമേശ്വരം – മംഗളൂരു സെൻട്രൽ എക്‌സ്പ്രസ്, തിരുനെൽവേലി – മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകൾ മോദി ഫ്ലാഗ് ഓഫ് ചെയ്തത്.

തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്പെടുന്ന ഈ ട്രെയിൻ ആഴ്ചയിൽ ഒരു ദിവസമാണ് സർവീസ് നടത്തുന്നത്. ശനിയാഴ്ചകളിൽ രാത്രി 7:30-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10:50-ന് രാമേശ്വരത്തെത്തും. തിരികെ ഞായറാഴ്ചകളിൽ വൈകീട്ട് 3:30-ന് രാമേശ്വരത്തുനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6:55-ന് മംഗളൂരു സെൻട്രലിലെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പളനി, ദിണ്ടിക്കൽ, മധുര എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ. 2 എ.സി. ടു ടിയർ, 4 ത്രീ ടിയർ, 6 സ്ലീപ്പർ, 4 ജനറൽ കോച്ചുകൾ ഇതിൽ ഉണ്ടായിരിക്കും.

തിരുനെൽവേലി – മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് കേരളത്തിലെ മലബാർ മേഖലയെ തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന സർവീസാണ്. ഇത് ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 3:45-ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6:55-ന് മംഗളൂരുവിലെത്തും. മടക്കയാത്രയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7:45-ന് തിരുനെൽവേലിയിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, മധുര, വിരുദുനഗർ എന്നിവയാണ് ഇതിന്റെ പ്രധാന സ്റ്റേഷനുകൾ. ഒരു ടു ടിയർ കോച്ച്, ഒരു ത്രീ ടിയർ കോച്ച്, രണ്ട് ടു ടിയർ ഇക്കോണമി കോച്ചുകൾ, മൂന്ന് സ്ലീപ്പർ, ആറ് ജനറൽ കോച്ചുകൾ ഇതിലുണ്ട്.

പാലക്കാട്, പൊള്ളാച്ചി വഴി തമിഴ്‌നാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ പളനിയിലേക്കും രാമേശ്വരത്തേക്കും പുതിയ സർവീസുകൾ എത്തുന്നതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാസമയം ലാഭിക്കാനും കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യാനും സാധിക്കും.