Home » Blog » Kerala » ‘പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിൽ കത്തയച്ച ശേഷം മറുപടി ഞങ്ങളെ അറിയിക്കൂ…. ‘ എന്ന് പറയുന്നത് എന്ത് ‘രാഷ്ട്രീയ മര്യാദ’യാണ്? ; ടിവികെയെ വിമർശിച്ച് വിസികെ
13

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, നടൻ വിജയ് യുടെ രാഷ്ട്രീയ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് വിടുതലൈ ചിരുതൈകൾ കച്ചി. സഖ്യകക്ഷികളുടെ പിന്തുണ തേടാൻ വിജയ് നേരിട്ട് ചർച്ചകൾ നടത്തുന്നതിന് പകരം വാട്സാപ്പ് സന്ദേശമാണ് അയക്കുന്നത്. ഇത് ‘രാഷ്ട്രീയ അഹങ്കാര’മാണ് എന്ന് വിസികെ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് യുടെ ടിവികെയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പിന്തുണ തേടി രാഷ്ട്രീയ നേതാക്കൾക്ക് വാട്സാപ്പ് സന്ദേശങ്ങൾ അയക്കുന്ന രീതിക്കെതിരെയാണ് വിസികെ ജനറൽ സെക്രട്ടറി ചിന്തനൈ സെൽവൻ രം​ഗത്തുവന്നിരിക്കുന്നത്.

“പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിൽ കത്തയച്ച ശേഷം മറുപടി ഞങ്ങളെ അറിയിക്കൂ…. എന്ന് പറയുന്നത് എന്ത് രാഷ്ട്രീയ മര്യാദയാണ്? ഗവർണറിലൂടെ ബിജെപി തമിഴ്‌നാട്ടിൽ സ്വാധീനമുറപ്പിക്കുന്നത് തടയാൻ വിജയ് നേരിട്ട് വന്ന് രാഷ്ട്രീയ നേതാക്കളെ കാണേണ്ടതായിരുന്നു,” -അദ്ദേഹം എക്സിൽ’കുറിച്ചു. വിജയിച്ച വാർത്ത വന്ന നിമിഷം മുതൽ ‘രാജവാഴ്ച അവസാനിച്ച ദിവസം’ എന്നൊക്കെ പ്രഖ്യാപിച്ചത് അഹങ്കാരവും പ്രതികാര ബുദ്ധിയുമാണ്. വിജയത്തിന് ശേഷം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മനസ്സ് വിജയ് കാണിച്ചില്ല.

ഒരു വശത്ത് കുടുംബ രാഷ്ട്രീയത്തെ വിമർശിക്കുമ്പോൾ തന്നെ, നെഹ്റു കുടുംബത്തിന്റെ അഞ്ചാം തലമുറ നയിക്കുന്ന കോൺഗ്രസിനെ കൂട്ടുപിടിക്കുന്നത് എന്ത് യുക്തിയാണെന്ന് വിസികെ ചോദിക്കുന്നു. ഡിഎംകെയെ കുടുംബ വാഴ്ചയെന്ന് വിളിച്ച് ആക്ഷേപിച്ച ശേഷം, അതേ ഡിഎംകെ സഖ്യത്തിനൊപ്പം നിന്ന ഇടതുപക്ഷത്തോടും വിസികെയോടും ലജ്ജയില്ലാതെ പിന്തുണ ചോദിക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചു.

എംഎൽഎമാരെ രാഷ്ട്രീയ ബോധ്യം കൊണ്ട് കൂടെ നിർത്തുന്നതിന് പകരം റിസോർട്ടുകളിൽ താമസിപ്പിക്കുന്ന പഴയ രീതിയാണ് ടിവികെ പിന്തുടരുന്നതെന്നും വിസികെ ആരോപിച്ചു. വിജയ് അധികാരത്തിൽ വന്നാൽ ഡിഎംകെ, എഐഎഡിഎംകെ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് ടിവികെയിലെ രണ്ടാം നിര നേതാക്കൾ പറയുന്നത് നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു.