Home » Blog » kerala Mex » പിടിപ്പുകേട് മറയ്ക്കാൻ ഞാൻ വികസനം മുടക്കുന്നു എന്ന് ആരോപിക്കുന്നു; മാണി സി. കാപ്പനെതിരെ ആഞ്ഞടിച്ച് ജോസ് കെ. മാണി
Jose-K-Mani-680x450

പാലാ എം.എൽ.എ. മാണി സി. കാപ്പനെതിരെ കടുത്ത വിമർശനവുമായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. പാലായിലെ വികസന കാര്യങ്ങളിൽ എം.എൽ.എ. നിഷ്‌ക്രിയനാണെന്നും തന്റെ പിടിപ്പുകേട് മറയ്ക്കാൻ ജോസ് കെ. മാണി വികസനം മുടക്കുന്നു എന്ന് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ്. മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയത്.

ജില്ലാ വികസന സമിതി യോഗങ്ങളിൽ പോലും പങ്കെടുക്കാത്ത എം.എൽ.എ. വികസന കാര്യങ്ങളിൽ ഒരു ഫോളോ-അപ്പും നടത്തുന്നില്ല. പാലായിൽ ഇന്ന് കാണുന്ന വികസനങ്ങളെല്ലാം കെ.എം. മാണി കൊണ്ടുവന്നതാണ്. അതിനപ്പുറം പുതിയതായി എന്ത് വികസനമാണ് കാപ്പൻ പാലായിൽ നടപ്പിലാക്കിയതെന്ന് ജോസ് കെ. മാണി ചോദിച്ചു.

മലപ്പുറം ജില്ലാ വിഭജനത്തെക്കുറിച്ചുള്ള സമസ്തയുടെ പുതിയ പ്രമേയത്തോടും അദ്ദേഹം പ്രതികരിച്ചു. മലപ്പുറം ജില്ല വിഭജിക്കണമെന്ന നിലപാട് തനിക്കോ പാർട്ടിക്കോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾ നിലവിൽ എല്ലാ ഭാഗങ്ങളിലും കൃത്യമായി നടക്കുന്നുണ്ട്. ഭരണപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.കെ. ശൈലജ, പി.പി. സുനീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.