മലപ്പുറം: പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ് രംഗത്ത്. പദ്ധതിക്കെതിരെ പ്രമേയം അവതരിപ്പിച്ചാണ് യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കിയത്. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്.ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും ഫെഡറൽ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്നാണ് പ്രമേയത്തിലൂടെ യൂത്ത് ലീഗ് ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ മേഖലയിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് പിഎം ശ്രീ പദ്ധതിയിലൂടെ നടക്കുന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനുള്ള മാൻഡേറ്റാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയതെന്നും പ്രമേയത്തിൽ പറയുന്നു.
രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും, കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് നിലപാട് മാറ്റരുതെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭാ ഉപസമിതിക്ക് യൂത്ത് ലീഗ് പരസ്യമായി കത്തയച്ചിരുന്നു. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മൽ പോസ്റ്റ് ഓഫീസിലെത്തി കത്തയച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ സർക്കാർ നിലപാടിനെതിരെ കെഎസ്‌യുവും രംഗത്തെത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതിനാൽ ഈ സർക്കാരിന് അതിൽ നിന്ന് പിന്മാറാനാവില്ലെന്നാണ് യുഡിഎഫ് സർക്കാരിന്റെ നിലപാട്.
