നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ എൻ.സി.പിയിൽ വൻ പൊട്ടിത്തെറി. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എ.കെ. ശശീന്ദ്രനെതിരെ രൂക്ഷവിമർശനവുമായി പി.സി. ചാക്കോ രംഗത്തെത്തി. ഏത് പ്രതികൂല സാഹചര്യത്തിലും എൻ.സി.പിക്ക് ഉറപ്പായും ജയിക്കാമായിരുന്ന എലത്തൂർ മണ്ഡലം ഇത്തവണ കൈവിട്ടുപോയത് ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ കാരണമാണെന്ന് ചാക്കോ കുറ്റപ്പെടുത്തി.
ചില നേതാക്കളുടെ ഈ നിലപാട് കാരണം എൻ.സി.പി ഇന്ന് ഒരു എം.എൽ.എ പോലും ഇല്ലാത്ത പാർട്ടി ആയി മാറിയെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പ്രസ്ഥാനം വേണ്ട, തനിക്ക് ഒറ്റയ്ക്ക് എല്ലാം നേടാം എന്ന് കരുതിയവരാണ് പാർട്ടിയെ ഇന്ന് ഈ ദയനീയ അവസ്ഥയിൽ എത്തിച്ചതെന്നും ചാക്കോ കൂട്ടിച്ചേർത്തു. പാർട്ടിയുടെ മുൻ സംസ്ഥാന നേതൃത്വത്തിനെതിരെയും പി.സി. ചാക്കോ കടുത്ത അതൃപ്തി രേഖപ്പെടുത്തി. തോമസ് കെ. തോമസ് പ്രസിഡന്റ് ആയതിന് ശേഷം പാർട്ടിയുടെ ഒരു ജില്ലാ യോഗം പോലും വിളിച്ചുചേർത്തില്ല. മാസങ്ങളായി പാർട്ടി പൂർണ്ണമായും നിശ്ചലമായിരുന്നു. പി.എം. സുരേഷ് ബാബുവിനെ പുതിയ പ്രസിഡന്റാക്കിയത് ഏറ്റവും മികച്ച തീരുമാനമാണെന്നും, എൻ.സി.പി ശക്തമായി തിരിച്ചുവരുമെന്നും ചാക്കോ പ്രത്യാശ പ്രകടിപ്പിച്ചു.
എൻ.സി.പിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിനും പിന്നാലെ എ.കെ. ശശീന്ദ്രൻ പാർട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്ന് എൻ.സി.പി പുതിയ സംസ്ഥാന പ്രസിഡന്റ് പി.എം. സുരേഷ് ബാബുവും ആരോപിച്ചു. പാർട്ടി പിളർത്താൻ വേണ്ടിയാണ് ശശീന്ദ്രൻ വിഭാഗം ഇപ്പോൾ തങ്ങൾക്കെതിരെ എൻ.ഡി.എ ബന്ധം ആരോപിക്കുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. ശരത് പവാറിന്റെ രാഷ്ട്രീയ ആദർശങ്ങളെക്കുറിച്ച് സി.പി.എമ്മിന് കൃത്യമായ ബോധ്യമുണ്ട്. എലത്തൂരിൽ മത്സരിക്കുമ്പോൾ ശശീന്ദ്രന് ഈ എൻ.ഡി.എ ആരോപണം ഉണ്ടായിരുന്നില്ല. എലത്തൂരിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെ കോഴിക്കോട്ടെ സി.പി.എം പ്രാദേശിക നേതൃത്വം ശക്തമായി എതിർത്തിരുന്നു. കുട്ടനാട്ടിൽ തോമസ് കെ. തോമസ് മത്സരിക്കുന്നതിനെ ആലപ്പുഴ സി.പി.എം ജില്ലാ നേതൃത്വവും എതിർക്കുകയുണ്ടായി. എന്നാൽ മുന്നണി മര്യാദ പാലിക്കേണ്ടതുള്ളതുകൊണ്ട് മാത്രമാണ് സി.പി.എം സംസ്ഥാന നേതൃത്വം ഇരുവർക്കും സീറ്റ് നൽകിയതെന്നും സുരേഷ് ബാബു വ്യക്തമാക്കി.
