Thiruvananthapuram, Jul 08 (ANI): Leader of Opposition in Kerala Legislative Assembly and Congress MLA V D Satheesan speaks to media on the revelation by an RTI report that Kerala invited 'spy' Jyoti Malhotra as a state tourism influencer, in Thiruvananthapuram on Tuesday. (ANI Video Grab)
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും വലിയൊരു ആശ്വാസവുമായി യു.ഡി.എഫ് സർക്കാരിന്റെ പുതിയ കാരുണ്യ ഹസ്തം. സാധാരണക്കാരായ കുടുംബങ്ങൾക്ക് നേരിട്ട് സഹായമെത്തിക്കാൻ ലക്ഷ്യമിട്ട് സാങ്കേതികവിദ്യ അധിഷ്ഠിതമായ ‘വൺ കേരള കരുതൽ മിഷൻ’ എന്ന പുതിയ പ്ലാറ്റ്ഫോം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ കന്നി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വലിയ രോഗങ്ങളുടെ ചികിത്സയോ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസമോ പാതിവഴിയിൽ നിലച്ചുപോകുന്ന അവസ്ഥ ഒഴിവാക്കുകയാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം. സർക്കാർ ഇതര സംഘടനകൾ, കമ്പനികളുടെ സി.എസ്.ആർ ഫണ്ടുകൾ, സന്നദ്ധരായ വ്യക്തികൾ, പ്രവാസി മലയാളി കൂട്ടായ്മകൾ എന്നിവരിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ പൂർണ്ണമായും സുതാര്യമായ രീതിയിൽ കൃത്യമായ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്യുന്നത്. ഈ പ്ലാറ്റ്ഫോം വഴി ലഭിക്കുന്ന സംഭാവനകളിലെ ഓരോ രൂപയും അർഹരായ ആളുകളിലേക്ക് തന്നെ നേരിട്ട് എത്തുന്നുവെന്ന് സർക്കാർ ഉറപ്പാക്കും. സഹായം ആവശ്യപ്പെടുന്നവരുടെ അർഹത കൃത്യമായി ഉറപ്പുവരുത്തുന്നതിനായി കർശനമായ ഡിജിറ്റൽ വെരിഫിക്കേഷനും തിരിച്ചറിയൽ പ്രോട്ടോക്കോളുകളും പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തും.
സംഭാവന നൽകുന്നവർക്ക് തങ്ങളുടെ പണം എവിടെ വിനിയോഗിച്ചു എന്ന് നേരിട്ട് അറിയാൻ സാധിക്കുന്ന ‘തത്സമയ പൊതു വെളിപ്പെടുത്തൽ’ സംവിധാനം ഇതിലുണ്ടാകും. ഇത് പദ്ധതിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കും. മിഷന്റെ ഭരണപരവും സാങ്കേതികവുമായ മുഴുവൻ പ്രവർത്തന ചിലവുകളും സർക്കാർ നേരിട്ടാണ് വഹിക്കുക. അതുകൊണ്ടുതന്നെ, ജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സംഭാവനയായി ലഭിക്കുന്ന തുകയിൽ നിന്ന് ഒരു പൈസ പോലും മറ്റ് കാര്യങ്ങൾക്കായി മാറ്റിവെക്കാതെ പൂർണ്ണമായും കാരുണ്യപ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിക്കും.
