
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ പുരസ്കാരത്തിന് അർഹതയുണ്ടെന്ന പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ശമിക് ഭട്ടാചാര്യയുടെ പരാമർശത്തിന് പരിഹാസത്തിൽപ്പൊതിഞ്ഞ മറുപടിയുമായി കോൺഗ്രസ്.
‘പത്മഭൂഷൺ എന്നത് വളരെ ചെറിയ സംഗതിയാണ്. അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കൂ. എന്തായാലും, മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്ന ഒരാൾ സ്വയം ആ പദവിക്ക് അർഹനാണ്’, കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹസിച്ചു.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിലും വോട്ടർ പട്ടിക പരിഷ്കരണത്തിലും ഗ്യാനേഷ് നിർവഹിച്ചത് പ്രശംസനീയമായ സേവനമാണെന്ന് പറഞ്ഞായിരുന്നു ശമിക് ഭട്ടാചാര്യയുടെ പത്മഭൂഷൺ പരാമർശം. പിന്നാലെയാണ് മറുപടിയുമായി കോൺഗ്രസ് എത്തിയത്.
എസ്ഐആറിൽ തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ടംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്ന വാർത്തയ്ക്ക് പിന്നാലെ ആരോപണങ്ങളുടെ തീച്ചൂളയിലാണ് ഗ്യാനേഷ്. പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. ഗ്യാനേഷ് ഉടൻ രാജിവെക്കാത്തപക്ഷം ഒക്ടോബർ രണ്ടാം തീയതി മുതൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.
