തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ വൻ തിരക്ക് അനുഭവപ്പെടുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ. അതുപോലെ പ്രതീക്ഷിരുന്ന നഷ്ടം കെഎസ്ആർടിസിക്ക് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് എട്ടാം തീയതി 7.5 ലക്ഷം സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്ത് 16 ആയപ്പോഴേക്കും ഈ എണ്ണം 11.84 ലക്ഷമായി കുതിച്ചുയർന്നു. സ്ത്രീകൾ ആവേശത്തോടെ ഈ പദ്ധതി ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സൗജന്യയാത്ര നടപ്പിലാക്കിയ ഇനത്തിൽ സർക്കാർ കെഎസ്ആർടിസിക്ക് 2.46 കോടി രൂപ നൽകാനുണ്ട്. പദ്ധതിമൂലം പ്രതീക്ഷിച്ച വരുമാനക്കുറവ് തന്നെയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുവെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് മന്ത്രി വിശദീകരിച്ചു. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് 384 സിറ്റി ഫാസ്റ്റുകൾ ഉള്ളത്. ഒരു ഓർഡിനറി ബസുപോലും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ലെന്നും പകരം രണ്ട് സിറ്റി ഫാസ്റ്റുകൾ ഓർഡിനറി ആക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി ബസുകളിൽ പണംനൽകി യാത്രചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും പണം നൽകണമെന്ന് നിർബന്ധമുള്ളവർ ഓർഡിനറി ബസുകളിൽ കയറാതിരിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
