Home » Blog » kerala Max » പക്ഷാഘാതദിന വാക്കത്തോണിൽ പങ്കാളിയായി മന്ത്രി കെ. മുരളീധരൻ; ഹൃദയരാഗം പദ്ധതിയുടെ ലോഗോ  പ്രകാശനം ചെയ്തു
1
തിരുവനന്തപുരം:  ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘വോക്ക് ഫോർ ബ്രെയിൻ’ വാക്കത്തോണിൽ പങ്കാളിയായി മന്ത്രി കെ.മുരളീധരൻ. തിരുവനന്തപുരം മാനവീയം വീഥിയിൽ നിന്ന് ഫ്ലാഗോഫ് ചെയ്ത ശേഷമാണ് അദ്ദേഹം വാക്കത്തോണിന്റെ ഭാഗമായത്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ അവസാനിച്ച വാക്കത്തോൺ ഉടനീളം മന്ത്രി പങ്കെടുത്തു. ഇതോടനുബന്ധിച്ച്. ഹൃദയരാഗം പദ്ധതിയുടെ ലോഗോ മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു. രോഗം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം എന്ന കാഴ്ചപ്പാടിലാണ് ഹൃദയരാഗം പദ്ധതി സർക്കാർ പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തിൽ വട്ടിയൂർക്കാവ്, ഇടുക്കി, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ നടപ്പാക്കുന്ന പദ്ധതി വൈകാതെ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി രോഗനിർണയ പരിശോധന നടത്തുന്നതാണ് പദ്ധതി. ദീർഘകാല രോഗങ്ങൾ തുടക്കത്തിൽ കണ്ടെത്തി മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. മെഡിക്കൽ ക്യാമ്പുകളിൽ ചെന്ന് പരിശോധന നടത്താൻ പലപ്പോഴും പൊതുജനങ്ങൾക്ക് മടിയാണ്. അതുകൊണ്ടാണ് വീടുകളിലെത്തി പരിശോധിക്കുന്നത്. കാൻസർ പോലുള്ള മാരക രോഗങ്ങൾ പ്രാഥമിക ഘട്ടത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാനാകും. കൃത്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങൾ കൊണ്ടും പലരോഗങ്ങളും തടയാനാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, എം.ആർ.ബൈജു, റോയ്.കെ.പൗലോസ്, കേരളം ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, ആരോഗ്യവകുപ്പ് ഡയറക്ടർ. വി. മീനാക്ഷി, ആരോഗ്യവകുപ്പിന്റെ ഹൈപ്പവർ കമ്മിറ്റി ചെയർമാൻ ഡോ.എസ്.എസ്.ലാൽ തുടങ്ങിയവർ വാക്കത്തോണിന്റെ ഭാഗമായി.

ദിനാചരണത്തിൻ്റെ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ കോർപറേഷൻ കൗൺസിലർ ഷേർളി. എസ് നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന എൻ.സി.ഡി. നോഡൽ ഓഫീസർ ഡോ. സന്ധ്യ ആർ നന്ദി പറഞ്ഞു. തിരുവന്തപുരം മെഡിക്കൽ കോളേജ് സ്ട്രോക്ക് സെൻ്റർ –സ്ട്രോക്ക് കാത്ത് ലാബ് നോഡൽ ഓഫീസർ ഡോ. ദിലീപ് ആർ. പാക്ഷാഘാത ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, സൂപ്രണ്ട് ഡോ. സി.ജി.ജയചന്ദ്രൻ, ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. റാം മോഹൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക് തുടങ്ങിയവർ സംസാരിച്ചു.

പക്ഷാഘാത ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം നൽകിവരുന്ന പ്രൊഫ. ഡോ.തോമസ് ഐപ്പ്, ഡോ.സ്റ്റാൻലി ജോർജ്, ഡോ.പി.എൻ.ഷൈലജ എന്നിവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *