നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടാകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. ചോദ്യപേപ്പറുകൾ അതത് സംസ്ഥാനങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനയുടെ സഹായം തേടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നത്.
നേരത്തെ പോസ്റ്റൽ സർവീസ് വഴിയായിരുന്നു ചോദ്യപേപ്പറുകൾ അയച്ചിരുന്നത്. എന്നാൽ, നിലവിൽ വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പറുകൾ എത്തിക്കാനാണ് പദ്ധതിയിടുന്നത്. വ്യോമസേനയുടെ കർശനമായ മേൽനോട്ടത്തിൽ ചോദ്യപേപ്പറുകൾ വിതരണം ചെയ്യുന്നതിലൂടെ സുരക്ഷ വർദ്ധിപ്പിക്കാനും ക്രമക്കേടുകൾ പൂർണ്ണമായും തടയാനും കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
